
ലോകം ഇന്നും ആദരവോടെ കാണുന്ന വ്യക്തിത്വമാണ് മരണപ്പെട്ട ഡയാന രാജകുമാരി. മരിച്ച് പത്ത് വര്‍ഷമായിട്ടും ജനഹൃദയങ്ങളില്‍ അവര്‍ ഇടം ഉറപ്പിച്ചിരിക്കുന്നു. ഡയാനയെ സംബന്ധിച്ച എന്തും ഇന്നും വാര്‍ത്തയാണ്. അത്തരത്തിലാണ് ഡയാന രാജകുമാരിയുടെ വിവാഹ കേക്ക് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
1981ൽ ഡയാനയുടെയും ചാൾസിന്‍റെയും വിവാഹത്തിന് മുറിച്ച ഈ കേക്ക് ഇപ്പോൾ അമേരിക്കയിൽ ലേലത്തിനെത്തിയിരിക്കുകയാണ്. 36 വർഷം പഴക്കമുള്ള കേക്കിന്‍റെ ഒരു കഷണം മാത്രമാണ് ലേലത്തിന് വച്ചിരിക്കുന്നത്. കുറഞ്ഞത് 800 അമേരിക്കൻ ഡോളറെങ്കിലും ഈ കേക്കിൻ കഷണത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷ. റോയൽ നേവൽ കുക്കിംഗ് സ്കൂളിന്‍റെ ഹെഡ് ബേക്കറായിരുന്ന ഡേവിഡ് ആവറിയാണ് ഈ കേക്ക് ഉണ്ടാക്കിയത്.
അമേരിക്കയിലെ ഒരു ലേലസ്ഥാപനത്തിന്‍റെ കൈവശമുള്ള ഈ കേക്കിനൊപ്പം ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട മറ്റ് പല വസ്തുക്കളും ലേലത്തിന് എത്തുന്നുണ്ട്. ഡയാന രാജകുമാരി ആഭരണങ്ങൾ സൂക്ഷിക്കാനുപയോഗിച്ച ഒരു പഴ്സാണ് ഇതിൽ പ്രധാനം.