കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ റോയൽ ഒമാൻ പൊലീസ് പുറത്തിറക്കി. വേതനപരിധി അറുനൂറിൽ നിന്ന് മുന്നൂറ് റിയാലായി ചുരുക്കിയ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ പൊലീസ് മാറ്റം വരുത്തിയത്. കുടുംബവിസക്കുള്ള അപേക്ഷകർ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറും ഒപ്പം ഫ്ലാറ്റിന്‍റെ വാടക കരാറുമാണ് സമർപ്പിക്കേണ്ടത്. വാടക കരാർ അപേക്ഷകന്‍റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം. ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയതാകണം വാടക കരാർ. അപേക്ഷകരുടെ പ്രതിമാസ വേതനം മുന്നൂറ് റിയാലിൽ കുറയരുതെന്നും പൊലീസ് അറിയിച്ചു. അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ റെസിഡൻസ് വിസയുള്ള ഇന്ത്യ,ചൈന, റഷ്യ പൗരൻമാർക്കാണ് ഒമാനിൽ സ്പോൺസർമാരില്ലാത്ത വിസ ലഭിക്കുകയെന്നും ആർ.ഒ.പി അറിയിച്ചു. പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ളവർക്കാണ് വിസക്ക് അപേക്ഷിക്കാൻ അർഹത. തിരിച്ചുള്ള വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ് രേഖകളും ഹാജരാക്കുകയും വേണം. ഇവർക്ക് ഒപ്പം യാത്ര ചെയ്യുന്ന പങ്കാളിക്കും കുട്ടികൾക്കും മുകളിൽ പറഞ്ഞ രാജ്യങ്ങളുടെ വിസയില്ലെങ്കിൽ കൂടി ഒമാനിൽ വിസ അനുവദിക്കും. ഒരു മാസത്തേക്ക് 20 റിയാൽ ആണ് വിസാ ഫീസ്. ഒരു വർഷകാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുക. ഒരു വർഷത്തിന് ശേഷം ആവശ്യമെങ്കിൽ ഇൗ സൗകര്യം പുനരവലോകനം ചെയ്യുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
കുടുംബവിസക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ഒമാൻ പൊലീസ് പുറത്തിറക്കി
Tags: oman family visa