ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികളായ ഒപ്പോയും വിവോയും 400 ഓളം ചൈനീസ് തൊഴിലാളികളെ സ്വദേശത്തേക്ക് പറഞ്ഞുവിട്ടതായി റിപ്പോര്‍ട്ടുകള്‍.
ഡോക്‌ലാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കത്തുമ്പോള്‍ ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരവും വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒപ്പോയും ഷവോമിയും അടക്കമുള്ള ചൈനീസ് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനും പുറമേയാണ് ഇരുകമ്പനികളും ചൈനീസ് തൊഴിലാളികളെ പറഞ്ഞു വിടുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇരു കമ്പനികള്‍ക്കും വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷവോമിയുടെ അവസ്ഥയും വ്യത്യസ്തമല്ല. തിരിച്ചടി നേരിടാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും പലതാണ്.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗണ്ഡ്, ഒഡീഷ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫ്രണ്ട് ഓഫീസ് ജോലികളില്‍ നിന്നും ചൈനക്കാരെ മാറ്റുക എന്ന തീരുമാനത്തലേക്ക് ഈ കമ്പനികള്‍ എത്തിയിരുന്നു.
മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒപ്പോയും വിവോയുമടക്കമുള്ള ചൈനീസ് കമ്പനികളില്‍ പലതും സമാനമായ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നു.
അതിര്‍ത്തിയില്‍ ചൈന ഇന്ത്യയ്ക്കെതിരെ നിരന്തരം ഭീഷണി പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ തിരച്ചടിക്കാന്‍ ഒരുങ്ങുന്നതായി സൂചനകളുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി ചൈനീസ് മൊബൈല്‍ കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുള്‍പ്പെടെ 21 കമ്പനികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
കയറ്റുമതിയില്‍ നിന്നും വന്‍ വരുമാനം നേടുന്ന ചൈനയുടെ സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഇത്തരം നീക്കങ്ങള്‍ തിരിച്ചടിയായേക്കും. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ സൈന്യം ഉപയോഗിക്കാറില്ല. ഇവ ഉപയോഗിക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയയിലും ശക്തമായ ക്യാംപെയ്‌നിങ്ങ് നടക്കുന്നുണ്ട്.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്ത് വന്നിട്ടുണ്ട്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.