ജെയ്പൂര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍റെ ആളില്ലാ വിമാനത്തെ വ്യോമസേന വെടിവച്ചിട്ടു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. രാവിലെ പതിനൊന്നരയോടെയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയില്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്‍റെ ശ്രമമുണ്ടായത്. ആളില്ലാ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നത് റഡാറില്‍ പെട്ടതോടെ വ്യോമസേന തിരിച്ചടിച്ചു. സുഖോയ് 30 വിമാനം ഉപയോഗിച്ചാണ് പാക് ഡ്രോണിനെ ഇന്ത്യ വെടിവച്ചിട്ടത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ റഡാറുകളാണ് പാക്ക് ഡ്രോണ്‍ കണ്ടെത്തിയത്.
അതേസമയം പാക്കിസ്ഥാനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ടില്‍ 300 മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് (എന്‍.ടി.ആര്‍.ഒ) ഇക്കാര്യം കണ്ടെത്തിയത്. അവിടെ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന നിഗമനത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
300 മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന തെളിവ് ആക്രമണ സമയത്ത് 300 തീവ്രവാദികള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നതിന്റെ തെളിവാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴിലുള്ള ഏജന്‍സിയാണ് എന്‍.ടി.ആര്‍.ഒ. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയത്. ആക്രണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന കൃത്യമായ കണക്ക് പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാരോ വ്യോമസേനയോ തയ്യാറായിട്ടില്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന രീതി വ്യോമസേനയ്ക്കില്ലെന്നും ബാലാകോട്ട് ആക്രമണം ലക്ഷ്യം കണ്ടുവെന്നുമായിരുന്നു ഇത് സംബന്ധിച്ച് വ്യോമസേന മേധാവി ബി.എസ് ധനോവയുടെ പ്രസ്താവന.