പാകിസ്താന്‍കാരിയായ ലൈംഗികത്തൊഴിലാളിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കലുണ്ടായിരുന്ന 600 ദിര്‍ഹം തട്ടിപ്പറിച്ച കേസില്‍ രണ്ട് യുവാക്കളെ ദുബായ് കോടതി ശിക്ഷിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ദുബായില്‍ വെച്ച് നടന്ന സംഭവത്തിലാണ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഇവരെ നാട്ടിലേക്ക് കയറ്റി അയക്കും. ഏപ്രില്‍ 28നായിരുന്നു 21കാരിയായ ലൈംഗികത്തൊഴിലാളിയെ രാത്രി വൈകി 24കാരനായ പാകിസ്താനിയും 36 കാരനായ ഇന്ത്യക്കാരനും ചേര്‍ന്ന് അവരുടെ കാറില്‍ കയറ്റി കൊണ്ടുപോയത്. കാറില്‍ വച്ചുതന്നെ ലൈംഗികമായി ഉപയോഗിച്ച ശേഷം ആദ്യം പറഞ്ഞുറച്ച പണം നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പണം കൊടുത്തില്ലെന്നു മാത്രമല്ല, യുവതിയുടെ കൈയിലുണ്ടായിരുന്ന 600 ദിര്‍ഹം തട്ടിയെടുത്ത ശേഷം അവരെ കാറില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സ്ത്രീ പരാതിയുമായി അല്‍ റഫാ പോലിസ് സ്‌റ്റേഷനിലെത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പണം കൊള്ളചെയ്തുവെന്നായിരുന്നു യുവതി നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലിസ് സ്ത്രീയുടെ പരാതി പൂര്‍ണമായി ശരിയല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഹോട്ടിലിനു മുമ്പില്‍ നിന്ന് ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം കാറില്‍ കയറിപ്പോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് യുവാക്കള്‍ക്കെതിരേ ചുമത്തിയ തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ ഒഴിവാക്കുകയായിരുന്നു. കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ പോലിസ് താമസിയാതെ കുറ്റവാളികളെ പിടികൂടുകയും ചെയ്തു. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും വ്യാജപരാതി നല്‍കുകയും ചെയ്ത യുവതിയെയും നാട്ടിലേക്ക് തിരിച്ചയച്ചു.