ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രമുഖര്‍ ഉള്‍പ്പെട്ട പനാമ പേപ്പേഴ്‌സ് അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് നേതൃത്വം നല്‍കിയ മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയായ ഡാഫ്‌നെ കരോണ ഗലീസ(53)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം. മാള്‍ട്ടാസ് പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റ് ഇക്കാര്യം സ്ഥിരീകരിച്ചു. മോസ്റ്റയിലെ വീട്ടില്‍ നിന്നും വാലെറ്റയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കരോണയുടെ കാറില്‍ ബോംബ് സ്ഥാപിച്ചിരുന്നതായാണ് വിവരം. കരോണ ഗലീസയുടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പ്രതിപക്ഷം ആരോപിച്ചു. പാനമ ആസ്ഥാനമായുള്ള ‘മൊസാക് ഫൊന്‍സേക’യുടെ സേവനങ്ങള്‍ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സാണ് പുറത്തുകൊണ്ടുവന്നത്. ഇത് വിവിധ മാധ്യമങ്ങളിലൂടെ അവര്‍ പുറത്തുവിട്ടു.
കരോണ ഗലീസ തന്റെ ബ്ലോഗ് വഴി പുറത്തുവിട്ട അഴിമതി വിവരങ്ങള്‍ മാള്‍ട്ടയിലെ ഭരണകൂടത്തെ ആകെ ഉലച്ചു. പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിനും ഭാര്യയ്ക്കുമെതിരായ വിവരങ്ങളാണ് കരോണ ഒടുവില്‍ പുറത്തുവിട്ടത്. രണ്ടാഴ്ച മുന്‍പ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കരോണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കരോണയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ മാത്യു കരോണ ഗലീസ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്‍റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്.