അടുത്തകാലത്തായി സൗദിയില്‍ പുരോഗമിക്കുന്ന സ്ത്രീശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി സൗദി സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും കായിക വ്യായാമം ചെയ്യാനും സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നേടാനും അവസരം. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും അവരില്‍ ആത്മവിശ്വാസവും അച്ചടക്കവും വളര്‍ത്തിയെടുക്കുന്നതിനുമാണ് പദ്ധതി. എന്നാല്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള കായിക വിദ്യാഭ്യാസ പദ്ധതി എങ്ങനെ നടപ്പിലാക്കും, അവര്‍ക്കുള്ള യൂനിഫോം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകായണ്. ഫുള്‍കൈ ടോപ്പും കൈയില്ലാത്ത അടിവസ്ത്രവുമാണ് നിലവിലെ യൂനിഫോം. ഇതിനടിയില്‍ ഒരു പാന്റ്‌സ് കൂടി ധരിച്ചാല്‍ മതിയാകുമെന്നാണ് പൊതുവായ അഭിപ്രായം. എന്നാല്‍ ഇത്തരം വസ്ത്രങ്ങള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വേളയില്‍ കുട്ടികള്‍ക്ക് തടസ്സമാവുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, തുടക്കത്തില്‍ അവര്‍ക്കായി വിവിധ വ്യായാമമുറകള്‍ ഉള്‍പ്പെടുന്ന പാഠ്യരീതി തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. അതേസമയം, വിയര്‍പ്പ് വലിച്ചെടുക്കാന്‍ പാകത്തിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ പരിശീലന വേളയില്‍ നല്‍കണമെന്നും നിര്‍ദേശമുയര്‍ന്നു. സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് അനുയോജ്യമായ ഷൂകളും നല്‍കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആലോചിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ചില സ്‌കൂളുകളില്‍ പ്രഭാത വ്യായാമങ്ങളില്‍ വിദ്യാര്‍ഥിനികളെയും പങ്കെടുപ്പിക്കാറുണ്ടെന്ന് ഒരു പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ റഗദ് അല്‍ ഇസ്സി പറഞ്ഞു. യൂനിഫോമിനു താഴെ ട്രെയിനിംഗ് ട്രസറുകളിട്ടാണ് രാവിലെ നടക്കുന്ന ഹ്രസ്വ സെഷനില്‍ തങ്ങള്‍ പങ്കെടുക്കാറുള്ളതന്നും കുട്ടി പറഞ്ഞു. മുഴുവന്‍ സ്‌കൂളുകളിലേക്കും അടുത്ത തണുപ്പ് സീസണാവുമ്പോഴേക്ക് പരിശീലന പദ്ധതി വ്യാപിപ്പിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം.