പെണ്‍പന്നി വയറ്റില്‍ കരുതിവെച്ചത് 8.7 കോടി രൂപ മൂല്യമുള്ള ‘നിധി’ ; പന്നിയാല്‍ കോടിപതിയായി 51 കാരന്‍  

 

 

ബീജിങ്: അന്ധവിശ്വാസങ്ങളില്‍ അഭിരമിച്ച് നിധി കിട്ടാനായി പലരും പല സാഹസങ്ങള്‍ക്കും മുതിരാറുണ്ട്. എന്നാല്‍ അതൊന്നും ഫലം കാണാറില്ലെന്ന് മാത്രമല്ല വലിയ അപകടങ്ങള്‍ക്കും വീഴ്ചകള്‍ക്കുമെല്ലാം വഴിവെയ്ക്കുകയും ചെയ്യും. എന്നാല്‍ ചിലരെ തേടി അപൂര്‍വ ഭാഗ്യങ്ങളെത്തും.അത്തരത്തില്‍ കോടിപതിയാവുകയാണ് ഒരു ചൈനക്കാരന്‍. ഒരു പന്നിയുടെ പിത്താശയക്കല്ലാണ് ഇയാള്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. തന്റെ ഫാമില്‍ 8 വയസ്സുള്ള പെണ്‍പന്നിയെ വെട്ടുമ്പോള്‍ താന്‍ കോടീശ്വരനായി മാറുമെന്ന് ഇയാള്‍ കരുതിയിരുന്നില്ല. മാംസം വെട്ടുന്നതിനിടെയാണ് 4 ഇഞ്ച് നീളവും 2.3 വ്യാസവുമുള്ള ഒരു വസ്തു ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീടാണ് ഇത് പന്നിയുടെ പിത്താശയക്കല്ലാണെന്ന് മനസ്സിലാകുന്നത്. ഇതിന് മരുന്ന് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണ്. പല രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇതുപയോഗിച്ച് നിര്‍മ്മിക്കുന്നുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ഇത് ഫലപ്രദമാണ്. അപൂര്‍വമായി മാത്രം ലഭിക്കുന്നതായതിനാല്‍ വന്‍തുകയാണ് ഇതിന്റെ മൂല്യം. അതായത് ഈ ചൈനീസ് ഗ്രാമവാസിക്ക് ലഭിച്ച പിത്താശയക്കല്ലിന്റെ മൂല്യം 8.7 കോടി രൂപ വരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പന്നിയുടെ ശരീരത്തിലെ ദഹിക്കാത്ത വസ്തുക്കള്‍ അടിഞ്ഞുകൂടിയാണ് ഇത് രൂപപ്പെടുന്നത്.ഏതാണ് മുടിനാരുകളില്‍ പൊതിഞ്ഞ നിലയിലാണ് ഈ കല്ലുകള്‍ കാണപ്പെടുക.അത്യപൂര്‍വമായേ ഇവ പന്നികളില്‍ കാണപ്പെടുകയുള്ളൂ. പിത്താശയക്കല്ലുകള്‍ക്ക് മാത്രമേ മൂല്യമുള്ളൂ. പന്നിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രൂപപ്പെടുന്ന കല്ലുകള്‍ ഉപയോഗശൂന്യവുമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Top