മലേഷ്യയില്‍ നിന്നുള്ള ഏഴ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് യാത്ര ശരിക്കുമൊരു തീര്‍ഥയാത്ര തന്നെയായിരുന്നു. ഒന്‍പത് രാഷ്ട്രങ്ങള്‍ മുറിച്ചുകടന്ന് 15000ത്തിലേറെ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്രയ്ക്ക് ഒരു മാസവും 11 ദിവസവുമെടുത്തു. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന സംഘമാണ് സാഹസികതയും കഷ്ടപ്പാടുകളും നിറഞ്ഞ യാത്രയ്ക്കു ശേഷം സൗദിയിലെത്തിയത്.
വിമാനമാര്‍ഗം മണിക്കൂറുകള്‍ കൊണ്ട് മലേഷ്യയില്‍ നിന്ന് സൗദിയിലെത്തിച്ചേരാമെങ്കിലും തങ്ങള്‍ കരമാര്‍ഗം തെരഞ്ഞെടുത്തത് ത്യാഗമെന്ന ഹജ്ജിന്റെ തത്വശാസ്ത്രം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് യാത്രാ സംഘത്തിന്റെ അമീര്‍ (നായകന്‍) ഖിര്‍ ബിന്‍ അറിഫിന്‍ പറഞ്ഞു. പുറമെ മാനവ ഐക്യത്തിന്റെ സന്ദേശം നല്‍കുകയെന്ന ലക്ഷ്യവും ഒന്‍പത് രാഷ്ട്രങ്ങള്‍ കടന്നുള്ള തങ്ങളുടെ തീര്‍ഥാടന യാത്രയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെംപറ ഇന്‍സ്പിറസി ഹജി- ഹജ്ജ് ഇന്‍സ്പിറേഷന്‍ എക്‌സെഡിഷന്‍ എന്നാണ് യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്.
രാജ്യവും വേഷവും ഭാഷയും രൂപവുമൊക്കെ വ്യത്യസ്തമാണെങ്കിലും എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഞങ്ങള്‍ നല്‍കാന്‍ ശ്രമിച്ചത്- അദ്ദേഹം പറഞ്ഞു.
ജൂലൈ 17നാണ് ക്വലാലംപൂരില്‍ നിന്ന് രണ്ട് 4X4 സ്‌പെഷ്യല്‍ യൂട്ടിലിറ്റി കാറുകളിലായി ഏഴംഗസംഘം യാത്ര തിരിച്ചത്. തായ്‌ലന്റ്, ലാവോസ്, ചൈന, കിര്‍ഗിസ്താന്‍, ഉസ്ബക്കിസ്താന്‍, തുര്‍ക്കുമെനിസ്താന്‍, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ വഴി തിങ്കളാഴ്ച സൗദിയിലെത്തി. പൂര്‍ണമായും കരമാര്‍ഗമായിരുന്നു യാത്രയെന്നു പറഞ്ഞാല്‍ ശരിയല്ല. കാരണം, ഇറാനിലെത്തിയ സംഘം ബോട്ട് വഴിയാണ് യു.എ.ഇയിലെത്തിയത്. ആഗസ്ത് 22ന് ഷാര്‍ജ തുറമുഖത്തെത്തിയ സംഘം അവിടെ നിന്ന് റോഡ് മാര്‍ഗം ദുബയിലെത്തി. ഇവിടെ ഹജ്ജ് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കുന്നതിന് അഞ്ചു ദിവസം തങ്ങിയ ശേഷം, റോഡിലെ തിരക്ക് പരിഗണിച്ച് വിമാനമാര്‍ഗമാണ് ജിദ്ദയിലെത്തിയത്.
ഏഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള യാത്ര ചിലയിടങ്ങളില്‍ അപകടങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ഖിര്‍ പറഞ്ഞു. മുമ്പ് കേട്ടിട്ടുപോലുമില്ലാത്ത അപരിചിതമായ ഹൈവേകളിലൂടെയും മലനിരകളിലൂടെയുമായിരുന്നു യാത്ര. ആകെ സഹായത്തിനുണ്ടായിരുന്നത് ഗൂഗ്ള്‍ മാപ്പായിരുന്നു. ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചു. രാജ്യാതിര്‍ത്തികളില്‍ രേഖകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായി. ചിലയിടങ്ങളിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കാരണം നാട്ടിലേക്ക് തിരിച്ചയക്കപ്പെടുമോ എന്ന് ഭയപ്പെടുന്ന അവസ്ഥയുണ്ടായതായി അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും 500 മുതല്‍ 700 കിലോമീറ്റര്‍ വരെ സംഘം സഞ്ചരിച്ചു. ഓരോ 200 കിലോമീറ്ററിലും ഡ്രൈവര്‍മാരെ മാറ്റിക്കൊണ്ടായിരുന്നു യാത്ര. സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും തങ്ങളുടെ ഊഴമെത്തിയപ്പോള്‍ ഡ്രൈവ് ചെയ്തു. ദിനേന 10 മണിക്കൂറോളം വാഹനമോടിച്ചു. തായ്‌ലന്റിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപിലുള്‍പ്പെടെ യാത്രയ്ക്കിടയില്‍ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘം ഏര്‍പ്പെട്ടു.
തങ്ങളുടെ യാത്രയ്ക്ക് പലയിടങ്ങളിലും സ്വീകരണങ്ങള്‍ ലഭിച്ചതായി സംഘം പറഞ്ഞു. യാത്രയ്ക്കിടയില്‍ പല വ്യക്തികളുമായും സംഘടനകളുമായും പരിചയപ്പെടാനായി. 40 ദിവസത്തിലേറെ നീണ്ട യാത്ര അവിസ്മരണീയമായിരുന്നുവെങ്കിലും തങ്ങള്‍ ഉറ്റുനോക്കുന്നത് ഹജ്ജ് കര്‍മത്തിലേക്കാണ്. ജനലക്ഷങ്ങള്‍ ഒന്നിച്ചുപങ്കെടുക്കുന്ന ഹജ്ജ് കര്‍മമാണ് ഏറ്റവും വലിയ മാനവികതയുടെ സന്ദേശമെന്നും അവര്‍ പറഞ്ഞു. ഏറ്റവും വലിയ ത്യാഗത്തിന്റെ അനുഭവമായ ഹജ്ജ് കര്‍മത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് സംഘം.