ന്യൂദല്‍ഹി: ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. മുസ്ലിം ലീഗ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. തമിഴ്നാട്ടില്‍ നടന്ന സമ്മേളനം എല്ലാവരുടെയും കണ്ണു തുറപ്പിച്ചു. മുസ്ലിം ലീഗിന്റെ വലുപ്പം എല്ലാവരും മനസിലാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് എന്നും ഉണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇനിയും നന്നായി മുന്നോട്ട് പോകേണ്ടതുണ്ട്.
അതിനായി ദല്‍ഹിയില്‍ ആസ്ഥാനം പണിയുക എന്നത് തങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ ദേശീയ ആസ്ഥാനത്തിന്റെ പണി ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് മുസ്ലീം ലീഗിന്റെ ഉദ്ദേശ്യമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയതലത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ കൈവന്നിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഭരണം നോക്കുകയാണെങ്കില്‍ പകുതിയിലേറെയും പ്രതിപക്ഷത്തിന്റെ കൈയിലാണ് ഉള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടയില്‍ ഐക്യമുണ്ടാകണം. ബി ജെ പി ഔട്ടാണ് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സാധാരണക്കാരുടെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തോടുള്ള പ്രതികരണമാണ് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ അലയടിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടത് മതേതര കാഴ്ചപ്പാടാണ് എന്നും അതിന്റെ പ്രതിഫലനമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു മതേതര മുന്നണിയാണ് രാജ്യത്തിന് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
എം പിയായിരുന്നപ്പോഴേതിനാക്കാള്‍ നന്നായി ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനാ തലത്തില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനമായിരിക്കും ഇനിയുണ്ടാകുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2017 ല്‍ ആണ് കുഞ്ഞാലിക്കുട്ടി എം പിയാകുന്നത്. മലപ്പുറം മണ്ഡലത്തിലെ എം പിയായിരുന്ന ഇ അഹമ്മദ് മരിച്ച ഒഴിവിലേക്കായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച് ജയിച്ചത്. അന്ന് വേങ്ങര എം എല്‍ എയായിരുന്നു കുഞ്ഞാലിക്കുട്ടി. പിന്നീട് എം പിയായതോടെ എം എല്‍ എ സ്ഥാനം രാജി വെച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി എം പിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എം പി സ്ഥാനം രാജി വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു ഇത്.