കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോള്‍ എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ നിന്ന യുവാവ് അവസാനം സഹായത്തിനായി വിളിച്ചത് നൂറില്‍. വീട്ടില്‍ പോകാന്‍ വാഹനമില്ല, മാത്രമല്ല കയ്യില്‍ കാശുമില്ല. നൂറില്‍ വിളിച്ച് പൊലീസുകാരോട് വീട് വരെ കൊണ്ടാക്കാമോ എന്ന് ചോദിച്ചു. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭാല്‍ ജില്ല സ്വദേശിയായ ഇരുപത്തിനാലുകാരനാണ് വീട്ടിലെത്താന്‍ പൊലീസിന്റെ സഹായം തേടിയത്. പൊലീസ് എത്തി കാര്യം തിരക്കിയപ്പോള്‍ യുവാവ് പരസ്പരബന്ധമില്ലാതെ സംസാരിച്ചു. അതിനെ തുടര്‍ന്ന് പൊലീസ് ഇയാളോട് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു.
എന്നാല്‍ യുവാവ് ഇത് നിഷേധിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇയാളുടെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു കുട്ടിക്കാലം മുതല്‍ കഞ്ചാവ് വലിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് പിന്നീട് യുവാവ് പൊലീസിനോട് പറഞ്ഞു. പൊലീസുമായി യുവാവ് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്തിനാണ് പൊലീസിനെ വിളിച്ചതെന്ന ചോദ്യത്തിന് കൃത്യമായി യുവാവ് മറുപടി പറയുന്നുണ്ട്. വീട്ടില്‍ പോകാന്‍ പണമില്ലാത്തത് കൊണ്ടാണത്രേ എമര്‍ജന്‍സി നമ്ബര്‍ ഡയല്‍ ചെയ്തത്.
സുഹൃത്തിന്റെ ബന്ധുവിനെ കാണാന്‍ അയാള്‍ക്കൊപ്പം എത്തിയതായിരുന്നു യുവാവ്. കഞ്ചാവ് ലഹരിയാണെന്ന് സമ്മതിക്കാന്‍ ഇയാള്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. അവസാനം പൊലീസ് ജീപ്പില്‍ കയറ്റി ബസ് സ്റ്റോപ്പില്‍ കൊണ്ടുപോയി, വീട്ടിലെത്താനുള്ള പണവും നല്‍കിയിട്ടാണ് പൊലീസുകാര്‍ മടങ്ങിപ്പോയത്.