സ്ത്രീകള്‍ക്ക് ബുദ്ധി കുറവാണെന്ന് മതപുരോഹിതന്‍; പ്രസംഗിച്ചത് മതിയെന്ന് സൗദി

സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ മതപുരോഹിതനെ സൗദി ഭരണകൂടം പുറത്താക്കി. സ്ത്രീകള്‍ക്ക് ചിന്തിക്കാനുള്ള കഴിവ് കുറവാണെന്ന് പ്രസംഗിച്ച സഅദ് അല്‍ ഹജരി എന്ന പണ്ഡിതനെയാണ് തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യാ അമീര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് സസ്‌പെന്‍ഡ് ചെയ്തത്. പുരോഹിതന്റെ പ്രസംഗത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. ഇദ്ദേഹം ഇനി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കേണ്ടതില്ലെന്നും വെള്ളിയാഴ്ച പ്രസംഗം ഉള്‍പ്പെടെ നടത്തരുതെന്നും അമീര്‍ ഉത്തരവിറക്കി. സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കാതിരിക്കാന്‍ 20 കാരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഇദ്ദേഹം നടത്തിയ പ്രസംഗമാണ് വിവാദമായത്. സ്ത്രീകള്‍ക്ക് പകുതി തലച്ചോര്‍ മാത്രമേ ഉള്ളൂവെന്നും അതുകൊണ്ട് നന്നായി ചിന്തിക്കാന്‍ കഴിയില്ലെന്നും പണ്ഡിതന്‍ പറഞ്ഞു. 50 ശതമാനം ബുദ്ധിമാത്രമുള്ള സ്ത്രീകള്‍ ഷോപ്പിംഗിനു പോകുമ്പോള്‍ അവരുടെ ബുദ്ധി 25 ശതമാനമായി ചുരുങ്ങുമെന്നും ഇദ്ദേഹം തട്ടിവിട്ടു. 25 ശതമാനം മാത്രം ബുദ്ധിയുള്ള ഒരാള്‍ക്കാണ് ആരാണ് ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചര്‍ച്ചകള്‍ അതിരുവിടുന്നത് ഒഴിവാക്കാനാണത്രെ അമീര്‍ ഇമാമിനെ സസ്‌പെന്റ് ചെയ്തത്. ജനങ്ങളുടെ ക്ഷേമത്തിന് എതിര് നില്‍ക്കുന്നതും രാജ്യതാല്‍പര്യത്തിന് എതിരുമായ ഇത്തരം പ്രസ്താവനകളുമായി മുന്നോട്ടുവരുന്നവര്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് അമീറിന്റെ വക്താവ് സഅദ് ബിന്‍ അബ്ദുല്ല അല്‍ താബത്ത് പറഞ്ഞു. അമീറിന്റെ തീരുമാനത്തെ സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്തതായി വക്താവ് അറിയിച്ചു. സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരേ നിയമം നിലവിലില്ലെങ്കിലും വനിതാ ഡ്രൈവര്‍മാരെ പോലിസ് പിടികൂടി ഇനി ഒരിക്കലും വാഹനമോടിക്കില്ലെന്ന് എഴുതി ഒപ്പിട്ട ശേഷം പോവാന്‍ അനുവദിക്കുകയാണ് പതിവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരായ നിരോധനം എടുത്തുകളയാന്‍ ശക്തമായ സമ്മര്‍ദ്ദം പൊതുജനങ്ങളില്‍ നിന്നുണ്ടാവുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരോധനം നീക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് പണ്ഡിതന്‍ പുതിയ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top