പ്രസവശേഷം അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. പത്താം വട്ടം ഗര്‍ഭിണിയായ മീര ഏകണ്ടേയാണ് മരണത്തിന് കീഴടങ്ങിയത്. മീരയുടെ കുഞ്ഞും മരിച്ചു. ശനിയാഴ്ചയാണ് ബീഡിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മീര പ്രസവിച്ചത്. മജാല്‍ഗാവില്‍ ഒരു പാന്‍ ഷോപ്പ് നടത്തുകയാണ് മീര. ഏഴ് പെണ്‍മക്കളുള്ള മീരയോട് ആണ്‍കുട്ടി വേണമെന്ന് നിരന്തരം വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ഏഴ് പ്രസവങ്ങള്‍ക്ക് ശേഷം രണ്ട് വട്ടം ഗര്‍ഭിണിയായെങ്കിലും അത് ഉപേക്ഷിച്ച മീര വീട്ടുകാരുടെ സമ്മര്‍ദം കാരണമാണ് വീണ്ടും ഗര്‍ഭിണിയായത്. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീര അമിത രക്തസ്രാവം മൂലം മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അപകട മരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. നേരത്തെ, മീരയുടെ ഏഴ് മക്കളില്‍ ഒരാള്‍ മരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.