ഹൈദരാബാദ്: രണ്ടാഴ്ച മുന്‍പാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗര്‍ഭിണിയായ യുവതിയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി കവറിലാക്കി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വൃത്തിയാക്കാന്‍ വന്ന മുനിസിപ്പാലിറ്റി ജീവനക്കാരാണ് കവറില്‍ നിന്നും രക്തം ഒഴുകുന്നത് കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. കവറിലെ മൃതദേഹം ആരുടേതാണെന്ന് പോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന പരിശോധനയില്‍ മൃതദേഹം ബീഹാര്‍ സ്വദേശിനിയായ പിങ്കിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇറച്ചിക്കച്ചവടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് രണ്ട് ചാക്കുകളിലായി വെട്ടിമുറിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചെറിയ ചാക്കില്‍ കൈകാലുകളും വലിയ ചാക്കില്‍ തലയും ശരീരവുമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി എട്ട് മാസം ഗര്‍ഭിണിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ പോലീസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്തുള്ള സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കവറിലാക്കിയ എന്തോ ഉപേക്ഷിച്ച് കടന്നതായി കണ്ടെത്തി. തൂടര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തിയതോടെ ബൈക്കിന്‍റെ നമ്പര്‍ കണ്ടെത്തി. പിന്നാലെ നഗരത്തിലെ വിവിധ ഇടങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുറ്റവാളികളെ പോലീസ് കണ്ടെത്തിയത്. ബീഹാര്‍ സ്വദേശികളായ വികാസ് കശ്യപും മമത ഝായുമാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിനെ വെട്ടിച്ച് വികാസ് കടന്നു കളഞ്ഞു. മമതാ ഝായെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. വികാസ് കശ്യപും കൊല്ലപ്പെട്ട മുപ്പത്തിരണ്ടുകാരിയ പിങ്കിയും വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. വികാസ് കുറച്ചുനാളുകള്‍ക്ക് മുന്‍പ് ജോലി തേടി ഹൈദരാബാദില്‍ എത്തിയതോടെ ഗര്‍ഭിണിയായ പിങ്കി തന്‍റെ എട്ട് വയസുകാരനായ മകനേയും കൂട്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വികാസിനെ തേടി ഹൈദരാബാദില്‍ എത്തുകയായിരുന്നു.
വികാസിന് ബീഹാര്‍ സ്വദേശികളായ അനില്‍ ഝായും മമത ഝായുമാണ് താമസ സൗകര്യം നല്‍കിയത്. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വികാസും മമതയും പ്രണയത്തിലായി. എന്നാല്‍ വികാസിനെ തേടി പിങ്കി എത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു. മമതയുമായിള്ള ബന്ധം പിങ്കി ചോദ്യം ചെയ്തതും പിങ്കിയും മകനും ബാധ്യതയാകുമെന്നും ഇരുവരും തിരിച്ചറിഞ്ഞതോടെ എങ്ങനെയെങ്കിലും പിങ്കിയെ ഒഴിലാക്കണമെന്നായി ഇരുവരുടേയും ചിന്ത. അവസരം വന്നപ്പോള്‍ പിങ്കിയെ പിന്നില്‍ നിന്നും വികാസ് അടിച്ചു വീഴ്ത്തി. പിന്നീട് മമതയും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പിങ്കി കൊല്ലപ്പെട്ടു. ഇതോടെ പിങ്കിയുടെ മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച് മമതയുടെ വീട്ടിലെ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് വെട്ടി നുറുക്കി. പിന്നീട് പലപ്പോഴായി ഗാര്‍ഡനില്‍ നിക്ഷേപിക്കുകയായിരുന്നു. അതേസമയം മമതയുടെ വീട്ടുകാരും കൊലപാതകത്തിന് കൂട്ടു നിന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ മമതയുടെ വീട്ടുകാര്‍ എന്തിനാണ് കൊലയ്ക്ക് കൂട്ട് നിന്നത് എന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല. സംഭവത്തില്‍ മമതയുടെ മകനേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ വികാസിനായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി.