ഗള്‍ഫ് പ്രതിസന്ധിയില്‍ ആരുടെയും കൂടെ ചേരാതെ മാറി നിന്ന പാകിസ്താന്‍ ഇപ്പോള്‍ കളം മാറുന്നു. സൗദി അറേബ്യയെയും യുഎഇയെയും ഞെട്ടിപ്പിച്ച് ഖത്തറിനൊപ്പം പാകിസ്താന്‍ ചേരുന്ന കാഴ്ചയാണിപ്പോള്‍. ഖത്തറുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ പാകിസ്താന്‍ തീരുമാനിച്ചു.
അറബ് ലോകത്ത് പ്രത്യേകിച്ച് സൗദി അറേബ്യയുടെ ഉറ്റ രാഷ്ട്രമാണ് പാകിസ്താന്‍. സൗദി സാമ്പത്തികമായി ഏറെ മുന്നിലാണെങ്കിലും സൈനികമായി പാകിസ്താന്റെ കരുത്ത് കണ്ടാണ് അവര്‍ പലപ്പോഴും ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇറങ്ങാറ്.
എന്നാല്‍ സൗദിയെ പാകിസ്താന്‍ പതിയെ കൈവിടുമോ എന്ന ആശങ്ക ഇപ്പോള്‍ അവര്‍ക്കുണ്ട്.
ഖത്തറിനെതിരേ തങ്ങള്‍ക്കൊപ്പം ചേരണമെന്ന് പാകിസ്താനോട് സൗദി രാജാവ് സല്‍മാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് പാകിസ്താന്‍ ചുവട് മാറ്റിയിരിക്കുന്നത്.
ഖത്തറില്‍ നിന്നു നേരിട്ട് പാകിസ്താനിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് പുതിയ പാത തുറന്നിരിക്കുകയാണിപ്പോള്‍.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തുറമുഖത്ത് നിന്നു പാകിസ്താനിലേക്ക് ജലമാര്‍ഗം പ്രത്യേക പാത തുറന്നിരിക്കുകയാണ് ഇരുരാജ്യങ്ങളും. സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിനിടെയാണ് പാകിസ്താന്‍ സഹായിക്കുന്നത്.
ഹമദ് തുറമുഖത്ത് നിന്നു കറാച്ചി തുറമുഖത്തേക്കാണ് ഈ പാത. ഇതുവഴി ഇരുരാജ്യങ്ങളും ചരക്കുകള്‍ കൈമാറും. കയറ്റുമതി-ഇറക്കുമതി നീക്കങ്ങള്‍ക്ക് ഈ പാത ഉപയോഗിക്കുമെന്ന് ഖത്തര്‍ അറിയിച്ചു.
ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ചരക്കുകടത്ത് പാത. ഖത്തറിന്റെ ഏക കരാതിര്‍ത്തി സൗദി അറേബ്യ അടച്ചിരുന്നു.
ഇപ്പോള്‍ ആകാശ-കടല്‍ മാര്‍ഗമാണ് ഖത്തര്‍ ചരക്കുകടത്തിന് ആശ്രയിക്കുന്നത്. ഖത്തറിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന പാകിസ്താനില്‍ നിന്നുള്ള പുതിയ പാത ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികമായി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രത്യേക ചരക്കുകടത്ത് ഇടനാഴി ഇതുവഴി തുടങ്ങാനാണ് ഖത്തറിന്റെ തീരുമാനം. ഖത്തറില്‍ നിന്നു പാകിസ്താനിലേക്ക് ചരക്കുകള്‍ എത്താന്‍ ഈ പാത വഴി ആറ് ദിവസം മതിയാകും. തിരിച്ചു എട്ട് ദിവസവും.