തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ പേടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഹരിച്ചു. ജയ്ശ് നേതാവ് മസ്ഊദ് അസ്ഹര്‍ വിഷയത്തില്‍ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ നാലാം തവണയും ചൈന എതിര്‍ത്ത വാര്‍ത്ത പുറത്തു വന്നതോടെയാണ് മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് രാഹുല്‍ രംഗത്തെത്തിയത്.
പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രമായ ചൈനക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തത് മോദി സര്‍ക്കാരിന്റെ വിദേശ നയതന്ത്രത്തിന്റെ തുടര്‍ച്ചയായ പരാജയമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ദുര്‍ബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനെ ഭയമാണ്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോള്‍ ഒരു വാക്കും പോലും മോദി ഉരിയാടിയില്ല. ഷീ ജിങ് പിങിനോടൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ ഡല്‍ഹിയില്‍ വെച്ച് ആലിംഗനം ചെയ്യുന്നതും ചൈനയിലെത്തി നമസ്‌ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുല്‍ പരിഹസിച്ചു.