ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ക്ക് വിട. യുഎഇയില്‍ ഇനി തണുത്തുവിറയ്ക്കു്‌നന ദിനരാത്രങ്ങള്‍. തണുപ്പുകാലത്തിനു മുന്നോടിയായി യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടങ്ങി. ദുബായിലും ഷാര്‍ജയിലും ഫുജൈറയിലും വ്യാഴാഴ്ച ഉച്ചകഴിഞ്ഞും രാത്രിയുമായി സാമാന്യം നല്ല മഴയാണ് ലഭിച്ചത്. ദുബായിലെ ശെയ്ഖ് സായിദ് റോഡില്‍ പെയ്ത ശക്തമായ മഴ താമസിയാതെ ട്വിറ്ററിലും പെയ്തു. ആദ്യമഴയനുഭവത്തിന്റെ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു പലരും. ഫുജൈറ നഗരത്തിലും ഗ്രാമീണ മേഖലകളിലും മൂന്നുമണിയോടെ തുടങ്ങിയ മഴ ആറരവരെ തുടര്‍ന്നു. ശക്തമായ മഴ മണിക്കൂറുകള്‍ നീണ്ടതോടെ ഫുജൈറയിലെ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളില്‍ കൂടി ഇവിടെ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഫുജൈറയിലെ ദിബ്ബ-മസാഫി റോഡ്, വാദി അല്‍ ഹിലോ-കല്‍ബ റോഡ്, അല്‍ ഇജീലി തുവ, മസാഫിയിലെ പര്‍വതമേഖലകളായ മുദാബ്, സിക്കംകം, ആസ്മ, വാദി സദര്‍ എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. രാത്രിയില്‍ തണുത്ത കാറ്റുവീശി. ഫുജൈറയിലെ യബ്‌സ ഏരിയയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പോലിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റോഡിലെ മണ്ണ് നീക്കിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു. ദുബായിലും ഷാര്‍ജയിലും ഉള്‍പ്പെടെ നല്ല മഴയാണ് വ്യാഴാഴ്ച രാത്രി ലഭിച്ചത്. ഈ മാസാവസാനത്തോടെ രാജ്യത്തു പലയിടങ്ങളിലും മഴ ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്. യു.എ.ഇയില്‍ തണുപ്പുകാലത്തിനു മുന്നോടിയായി പൊടിക്കാറ്റും മഴയും പതിവാണ്. കിഴക്കന്‍ തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റോഡുകള്‍ മഴയില്‍ കുളിച്ചതിനാല്‍ അപകടസാധ്യത കൂടുതലാണെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.
തണുപ്പ് കാലം തുടങ്ങുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
Tags: rain in dubai