
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ഡിസംബര്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്ന് രാവിലെ കലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മാന്‍ഡസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലപ്പെട്ടെങ്കിലും ഇതിന്റെ ഭാഗമായി തുടരുന്ന പടിഞ്ഞാറന്‍ കാറ്റുകളാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം. വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.