തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം മുകേഷ്. നടിയുടെ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തതോടെയാണ് വിശദീകരണം . ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. രാജിയ്ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്. മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുഖ്യമന്ത്രിയെ കണ്ടത്.
പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല്‍ തല്‍ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.
കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്‍മ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. കുമാരപുരത്തെ വീട് ശക്തമായ പൊലീസ് സംരക്ഷണത്തിലാണ്.
മുന്നണിക്കുള്ളില്‍ നിന്ന് പോലും രാജി സമ്മര്‍ദ്ദം ഉണ്ടായിട്ടും താരത്തെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് മുകേഷ്. ആദ്യത്തെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.