6 വയസ്സേയുള്ളൂ; 70 കോടിയാണ് ശമ്പളം; കോടീശ്വരനായത്…  

 

 

ടെക്‌സാസ് : ആറുവയസ്സുകാരനായ റയാന്‍ ഒരു വര്‍ഷം സമ്പാദിക്കുന്നത് 70 കോടി രൂപ. യൂട്യൂബില്‍ കളിപ്പാട്ടങ്ങള്‍ വിലയിരുത്തിയാണ് ഈ കൊച്ചുമിടുക്കന്‍ ഇത്രയും തുക പ്രതിവര്‍ഷം നേടുന്നത്. അമേരിക്കയിലെ ടെക്‌സാസ് ആണ് റയാന്റെ ജന്‍മദേശം. യൂട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക സമ്പാദിക്കുന്ന 8 പേരില്‍ ഒരാളാണ് റയാന്‍. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയില്‍ ഈ ഗണത്തിലെ എട്ടാമന്‍. റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വ്യത്യസ്തമായ കളിപ്പാട്ടങ്ങള്‍ വിലയിരുത്തുന്ന വീഡിയോകള്‍ പങ്കുവെയ്ക്കുന്നത്. തന്റെ പ്രായത്തിന് ചേരുന്ന വിഷയം തെരഞ്ഞെടുത്ത് അതില്‍ വിലയിരുത്തലുകള്‍ നടത്തി വിജയിച്ചിരിക്കുകയാണ് ഈ കുഞ്ഞുപ്രതിഭ. മാതാപിതാക്കളാണ് റയാന്റെ വിലയിരുത്തലുകള്‍ ദൃശ്യവല്‍ക്കരിച്ച് എഡിറ്റിങ്ങ് നിര്‍വഹിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നത്. വിവരിക്കേണ്ട വിശദാംശങ്ങളും മറ്റും ലഭ്യമാക്കുന്നത് മാതാപിതാക്കളാണ്. 2015 മാര്‍ച്ചിലാണ് ഇതിനായി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. അന്ന് റയാന് കേവലം 4 വയസ്സുമാത്രം. 2015 ജൂലൈ ആകുമ്പോഴേക്കും റയാന്റെ വീഡിയോകള്‍ വൈറലായി തുടങ്ങി. ഇതോടെ ലോകത്തെമ്പാടും റയാന്‍ ആരാധകരെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. നിരവധി കളിപ്പാട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ജയന്റ് എഗ്ഗ് സര്‍പ്രൈസ്’ ബോക്‌സിനെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്ത വീഡിയോയ്ക്ക് 800 ദശലക്ഷം കാഴ്ചക്കാരുണ്ടായി.  10 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുണ്ട് റയാന്റെ ചാനലിന്. പ്രതിമാസം കുറഞ്ഞത് ഒരു ദശലക്ഷം ഡോളര്‍ പരസ്യവരുമാന ഇനത്തില്‍ മാത്രം റയാന്‍ നേടുന്നുണ്ട്.

 

 

Top