ജയ്പുര്‍: ഗോശാല സംരക്ഷകര്‍ക്ക് പിന്നാലെ കോണ്‍ഗ്രസും. യുപിമുതല്‍ ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള സംസ്ഥാനങ്ങളില്‍ മുഴുവനും ഗോ സംരക്ഷണത്തിനായി വമ്പന്‍ പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ഇതേ മാതൃകയിലാണ് ഇപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസും
ബിജെപി പരീക്ഷിച്ച പശു രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുകയാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍. 2000 ഗോശാലാ സംരക്ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ശനിയാഴ്ച രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ സമ്മേളനത്തില്‍ ഗോശാലകള്‍ക്കും പശു സംരക്ഷകര്‍ക്കും നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.
കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുമ്പോഴാണ് പശുസംരക്ഷണത്തിനായി കോടികള്‍ ചെലവഴിക്കുന്നത്. ഗോശാലകള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. മുമ്പ് തെരുവുപശുക്കളെ സംരക്ഷിക്കുന്നവരെ ആദരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കറവയില്ലാത്ത പശുക്കളെ ഗോസംരക്ഷണശാലകള്‍ക്ക് കൈമാറണമെന്നും മേച്ചില്‍ സ്ഥലങ്ങളില്‍ പശുക്കള്‍ക്കാണ് പ്രഥമ പരിഗണനയെന്നും ഗെലോട്ട് പറഞ്ഞു. കറവ വറ്റിയ പശുക്കളെ ഉപേക്ഷിക്കരുതെന്നും സമ്മേളനത്തില്‍ അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
പശുവിനെ മാതാവായി കരുതുമ്പോള്‍ എങ്ങനെയാണ് കറവ വറ്റിയ പശുക്കളെ ഉപേക്ഷിക്കാന്‍ തോന്നുക. അവ മാലിന്യം ഭക്ഷിക്കുന്നത് എങ്ങനെ കണ്ടുനില്‍ക്കാനാകും. ഇങ്ങനെയുള്ള പശുക്കളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നിരവധിയാളുകള്‍ ഗോമാതവിനായി ജീവിക്കുന്നുണ്ട്. അവരെ സര്‍ക്കാര്‍ ആദരിക്കുന്നു. പശുവിന്റെയും ഗോശാലയിലെ തൊഴിലാളികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും- അശോക് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചിരുന്ന കോണ്‍ഗ്രസ് തീവ്ര ഹിന്ദുത്വത്തിലേക്ക് മാറുന്നതിന് ഉദാഹരണമാണ് അശോക് ഗെലോട്ടിന്റെ പ്രഖ്യാപനം.