റൊമാനിയ : മെട്രോ സ്‌റ്റേഷനില്‍ യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഒരു വനിത, 25 കാരിയെ ട്രാക്കിലേക്ക് ഉന്തിയിടുകയും കയറാന്‍ ശ്രമിക്കുമ്പോള്‍ ചവിട്ടുകയും ചെയ്തു. പൊടുന്നനെ കടന്നുവന്ന ട്രെയിനിടിച്ച് യുവതി കൊല്ലപ്പെടുകയുമായിരുന്നു. റൊമാനിയയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. റൊമാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സി സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു. അക്രമിയായ വനിതയെ കണ്ടെത്തുന്നതിനായി ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. ബുച്ചറെസ്റ്റിലെ മെട്രോ സ്‌റ്റേഷനില്‍ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഒരു സ്ത്രീ പൊടുന്നനെ യാത്രക്കാരിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട 25 കാരി പ്ലാറ്റ് ഫോമിലേക്ക് ഊര്‍ന്നുകയറാന്‍ ശ്രമിക്കവെ അക്രമി അവരെ വീട്ടും ചവിട്ടിവീഴ്ത്തി. അപ്പോഴേക്കും അവരെ ട്രെയിനിടിക്കുകയും ചെയ്തു.സംഭവസ്ഥലത്ത് തന്നെ യുവതി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംശയത്തെ തുടര്‍ന്ന് 36 കാരിയായ റൊമാനിയന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പക്ഷേ ഇവരാണോ അക്രമിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്റ്റേഷനില്‍ അധികം യാത്രക്കാരില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത്. അതിനാല്‍ ആദ്യം ആത്മഹത്യയായാണ് വിലയിരുത്തപ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. ആക്രമണത്തിന് മുന്‍പ് പ്രസ്തുത സ്ത്രീ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. അക്രമിയെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.