മാറാവി: റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തിയ സമയത്ത് ഷൂട്ട് ചെയ്തതെന്ന് കരുതപ്പെടുന്ന വീഡിയോക്ക് രണ്ടുമിനിറ്റിലധികം ദൈര്‍ഘ്യമുണ്ട്. തങ്ങള്‍ റോമിലും എത്തുമെന്ന് ഭീഷണിമുഴക്കുന്ന ജിഹാദികള്‍ ഫ്രാന്‍സിസ് പാപ്പായുടെ ഫോട്ടോകള്‍ കീറിക്കളയുന്നതും ചിത്രീകരിച്ചിട്ടുണ്ട്.
“കാഫിറുകളെ (മുസ്ലീങ്ങള്‍ അല്ലാത്തവര്‍) നിങ്ങള്‍ ഓര്‍ക്കുക, ഞങ്ങള്‍ റോമിലും വരും, അല്ലാഹു അനുഗ്രഹിച്ചാല്‍ ഞങ്ങള്‍ റോമിലും എത്തും” എന്നാണ് വീഡിയോയില്‍ ഐഎസ് അനുയായിയുടെ ഭീഷണി. ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ നേരത്തെ ആധിപത്യം സ്ഥാപിച്ച ജിഹാദികള്‍ സ്ഥലത്തെ കത്തോലിക്കാ ദേവാലയത്തിലെ ക്രൂശിത രൂപവും, കന്യകാമാതാവിന്റെ രൂപവും ഉള്‍പ്പെടെ വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുകയും, ദേവാലയത്തിന് തീയിടുകയും ചെയ്തിരിന്നു. നിന്ദ്യമായ ഈ രംഗങ്ങളും വീഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
ഐഎസ് വീഡിയോ പുറത്തുവിട്ട ഫിലിപ്പീന്‍സിലെ മാറാവിയില്‍ സൈന്യം ഭീകരരെ തുരത്തിക്കൊണ്ടിരിക്കുകയാണ്. 595 ഭീകരര്‍ ഉള്‍പ്പെടെ ഏതാണ്ട് 760-ഓളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. ഭീകരര്‍ ആളുകളെ ബന്ധികളാക്കി വെച്ചിരുന്ന ഒരു മുസ്ലീം പള്ളി തിരികെപ്പിടിക്കുവാനും സൈന്യത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.