ടെക്‌സാസിലെ ഓസ്റ്റിനില്‍ കുട്ടികള്‍ക്കായുള്ള ഡെ കെയര്‍ നടത്തിപ്പുകാരായിരുന്നു ദമ്പതികളായ ഫ്രാന്‍ കെല്ലറും ഭാര്യ ഡാന്‍ കെല്ലറും.
1989ല്‍ തുറന്ന ഇവിടെ എത്തിയിരുന്നത് ചൂഷണങ്ങള്‍ക്ക് ഇരയായവരും മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുമായ 15 ഓളം കുട്ടികള്‍ ആയിരുന്നു.
രണ്ട് വര്‍ഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ നീങ്ങി. 1991ലെ ഒരു ദിവസം ഡേ കെയര്‍ സെന്ററിലേക്ക് കുട്ടികള്‍ക്ക് പകരമെത്തിയത് പോലീസുകാര്‍ ആയിരുന്നു.
മാനസിക വൈകല്യമുള്ള ഒരു മൂന്ന് വയസ്സുകാരിയുടെ പരാതി പ്രകാരമായിരുന്നു അത്. പിന്നീട് പല കുട്ടികളുടെ മാതാപിതാക്കളും പരാതികളുമായി വന്നു.
വിചിത്രമായ ആരോപണങ്ങളാണ് കുട്ടികള്‍ ഡെ കെയര്‍ നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ ഉന്നയിച്ചത്.
ഡാന്‍ കെല്ലര്‍ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും അയാളുടെ മൃതദേഹം ചെയിന്‍സോ ഉപയോഗിച്ച് കഷണങ്ങളാക്കി മുറിച്ചുവെന്നും കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. കുട്ടികളെ സാത്താന്‍ സേവയുടെ ഭാഗമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
കുട്ടികളുടെ ഹൃദയം തുരന്ന് രക്തം കുടിക്കുന്നുവെന്നും ജീവനോടെ മൃഗങ്ങള്‍ക്കൊപ്പം കുഴിച്ച് മൂടിയെന്നും കുട്ടികളെ വെടിവെച്ച് കൊന്ന ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്നും കഥകള്‍ പരന്നു.
സാത്താന്‍ ആരാധകരായ ഈ ദമ്പതികള്‍ സ്രാവുകളുള്ള കുളത്തിലേക്ക് കുട്ടികളെ വലിച്ചെറിയാറുണ്ടെന്നും ആരോപിക്കപ്പെട്ടു.
ഡാന്‍ കെല്ലര്‍ ഒരു കുട്ടിയെ സെമിത്തേരിയിലേക്ക് കൊണ്ടുപോയെന്നും പട്ടിക്കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ച് കളഞ്ഞെന്നും കുട്ടികള്‍ പറയുകയുണ്ടായി.
1992ല്‍ ഈ ദമ്പതികള്‍ ജയിലിലായി. നീണ്ട 21 വര്‍ഷമാണ് ഇവര്‍ ജയില്‍വാസം അനുഭവിച്ചത്. ഇവരുടെ ഡെ കെയര്‍ അടച്ച് പൂട്ടി. എന്നാല്‍ ഇവരെ കുറ്റക്കാരാക്കുന്ന ഒരു തെളിവും വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലും കണ്ടെത്താന്‍ സാധിച്ചില്ല.
പത്രങ്ങളും അഭിഭാഷകരും തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഇടപെട്ടതോടെ ആരോപണങ്ങളെല്ലാം വെറും കഥകള്‍ മാത്രമായിരുന്നു എന്ന് തെളിഞ്ഞു.
ഇതോടെ കോടതി ഇവരെ വെറുതെ വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഫ്രാന്‍ 40ലും ഡാന്‍ 50ലും ഉള്ളപ്പോഴായിരുന്നു അറസ്റ്റ്.
കുറ്റമോചിതരാകുമ്പോള്‍ ഈ ദമ്പതികള്‍ക്ക് പ്രായം 67ഉം 75ഉമാണ് പ്രായം. കുറ്റവിമുക്തരാക്കിയതിനൊപ്പം 3.4 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരവും കോടതി ഇവര്‍ക്ക് വിധിച്ചു.