
ദില്ലി: ശബരിമല പുതിയ വിധി വരുന്നത് വരെ യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ല, സ്ത്രീകൾക്ക് പ്രവേശിക്കാം.ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് 2018ൽ പുറപ്പെടുവിച്ച വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടു. അതേസമയം യുവതീ പ്രവേശനം അനുവദിച്ച മുൻ വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതോടെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും നിയമവിധേയമായി തന്നെ പ്രവേശിക്കാം. കേസിൽ ഭൂരിപക്ഷ വിധിയാണുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജ. ഖാൻവിൽകർ, ജ. ഇന്ദു മൽഹോത്ര എന്നിവരാണ് ഒരേ വിധി പുറപ്പെടുവിച്ചത്.
എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഈ മണ്ഡലകാലത്ത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാം. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. അതേസമയം ശബരിമല പുനപരിശോധന ഹര്‍ജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേര്‍ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. ഭൂരിപക്ഷ വിധിയുടെ ഭാഗമായാണ് ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടാൻ തീരുമാനമായത്.
അഞ്ചിൽ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , റോഹിന്റൻ നരിമാൻ എന്നിവർ വിയോജന വിധി ആണ് എഴുതിയത്. പുനപരിശോധന ഹര്‍ജികൾക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും.
അതേസമയം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജ. ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആർഎഫ് നരിമാൻ എന്നിവർ വിയോജിച്ച് വിധി പുറപ്പെടുവിച്ചു. പുനപരിശോധനാ ഹർജികൾ ഇനി പരിഗണിക്കേണ്ടതില്ല എന്നാണ് ഹർജികൾ തള്ളിക്കൊണ്ടുളള ചന്ദ്രചൂഡിന്റെയും നരിമാന്റെയും ന്യൂനപക്ഷ വിധിന്യായം.
മതാചാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്നും അതിനെ സ്വാതന്ത്ര്യത്തോടെ വിടുക എന്നുമാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയ്ക്ക് സമാനമായ കേസുകളും ഇനി വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കും. മുസ്ലീം, പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ച കേസുകളടക്കമാണ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുന്നത്. 56 പുനപരിശോധനാ ഹർജികളും 9 മറ്റ് ഹർജികളും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. അതേസമയം 2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും പ്രവേശിക്കാം എന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ഭരണ ഘടനാ ബെഞ്ച് വിധിച്ചത്. ഭരണഘടന എല്ലാ പൌരന്മാർക്കും അനുവദിക്കുന്ന തുല്യത എന്ന അവകാശം ഉയർത്തിപ്പിടിച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ വിധിക്ക് ശേഷം വൻ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത്.