ദുബായ് പെൺവാണിഭ സംഘത്തിന്റെ വലയിൽപ്പെട്ടത് മലയാളി പെൺകുട്ടികൾ മാത്രമല്ലെന്ന് റിപ്പോർട്ട്. മലയാളി പെൺകുട്ടികൾക്ക് പുറമേ ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റു യുവതികളും സംഘത്തിൽ അകപ്പെട്ടിരുന്നതായാണ് ഇരകൾ വെളിപ്പെടുത്തിയത്. കേരളത്തിലെ പ്രമുഖ ഓൺലൈനാണ് ഇക്കാര്യങ്ങൾ വിശദീകരിച്ച് വാർത്ത നൽകിയിരിക്കുന്നത്. അകപ്പെട്ടവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം അറിഞ്ഞിട്ടും ഇവരെ മോചിപ്പിക്കാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ടെന്നും ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു വിഭാഗം കുറ്റവാളികളാണ് പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടുവർഷം അന്വേഷണം നടത്തിയിട്ടും മലയാളികളായ ഇടനിലക്കാരെ മാത്രമാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നും യുവതികളെ വ്യാജ യാത്രാരേഖകളുപയോഗിച്ച് വിദേശത്തേക്ക് കടത്തുന്ന മനുഷ്യക്കടത്ത് സംഘം, ഇവരുടെ പണം കൈമാറുന്ന ഹവാല സംഘം, വിദേശത്ത് യുവതികളെ വിൽക്കുന്ന പെൺവാണിഭ സംഘം എന്നീ മൂന്നു വിഭാഗം കുറ്റവാളികളാണ് പെൺവാണിഭ സിൻഡിക്കേറ്റിൽ പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരായ യുവതികളെ കൂടാതെ ഫിലിപ്പിനോ പെൺകുട്ടികളെയാണ് പെൺവാണിഭ സംഘം വലയിലാക്കുന്നത്. പണം നൽകി തന്നെയാണ് ഇവരെയും പെൺവാണിഭ സംഘത്തിലെത്തിക്കുന്നത്. രണ്ടു വർഷം അന്വേഷണം നടത്തിയിട്ടും മലയാളികളായ ഏതാനും ചില ഇടനിലക്കാരെ മാത്രമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് സംഘത്തിന് കൈമാറുന്ന ഏജന്റിന് 50000 രൂപയാണ് കമ്മീഷൻ.
18 വയസുകാരിയായ തിരുവനന്തപുരം സ്വദേശിനിയെ വീട്ടുജോലിക്കെന്ന് പറഞ്ഞാണ് വിദേശത്ത് കൊണ്ടുപോയത്. അവിടെ എത്തിയപ്പോളാണ് ചതി മനസിലായതെന്നും, തന്റെ പാസ്പോർട്ടിലെ ഫോട്ടോ ഒഴികെ എല്ലാം വ്യാജമായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. ദിവസം അമ്പത് പേർ വരെ ശാരീരികമായി ഉപദ്രവിച്ചെന്നും തിരുവനന്തപുരം സ്വദേശിനി പറഞ്ഞു. മാസം 25000 രൂപയായിരുന്നു വാഗ്ദാനം, ദുബായിൽ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തിയ പെൺകുട്ടിയെ പാസ്പോർട്ടിൽ കൃതിമം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബായിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന തന്നെ തുടർച്ചയായി 80പേർ വരെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പത്തനംതിട്ട സ്വദേശിനി വെളിപ്പെടുത്തിയത്.
ഇടപാടിനായി വരുന്ന മലയാളികളോട് രക്ഷപ്പെടാൻ സഹായം അഭ്യർത്ഥിച്ചിരുന്നു. അതിലൊരാളാണ് നാട്ടിലുള്ള ഭർത്താവിനെ വിളിച്ച് കാര്യമറിയിച്ചതെന്നും പത്തനംതിട്ട സ്വദേശിയായ യുവതി പറഞ്ഞു. വ്യാജ രേഖകളിലൂടെ ഷാർജയിലെത്തിയ ഇടുക്കി സ്വദേശിനിയെ പോലീസ് പിടിക്കാതിരിക്കാൻ കാറിന്റെ ഡിക്കിയിൽ ഇരുത്തിയാണ് താമസസ്ഥലത്തെത്തിച്ചത്. അഞ്ചു മുറികളുള്ള ഫ്ലാറ്റിലെ എല്ലാ മുറികളിലും യുവതികളുണ്ടായിരുന്നു. പുറത്ത് നിന്നും പണം കൈപ്പറ്റിയ ശേഷമാണ് നടത്തിപ്പുകാർ ഇടപാടുകാരെ മുറികളിലേക്ക് കയറ്റിവിടുന്നത്. ഏജന്റിന് നൽകാൻ പണമില്ലാത്തതിനാൽ യാത്രയുടെ തുടക്കത്തിൽ തന്നെ ഉപദ്രവിക്കപ്പെട്ടുവെന്നാണ് തൃശൂർ സ്വദേശിനി വെളിപ്പെടുത്തിയത്. അടുത്ത ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷമാണ് ഏജന്റ് ടിക്കറ്റ് നൽകിയത്. വിദേശത്ത് എത്തിയാൽ രക്ഷപ്പെടാമെന്ന് വിചാരിച്ചെങ്കിലും വലിയ ദുരന്തമാണ് അവിടെ കാത്തിരുന്നതെന്നും യുവതി പറയുന്നു.