കുവൈറ്റ്: മരണത്തേയും കൂസലില്ലാതെ നേരിട്ട ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ മരണ വിധി കേട്ട് അലറി വിളിച്ചത് അമേരിക്കയ്ക്ക് മരണം എന്നാണ്. തന്റെ കഴുത്തിലേയ്ക്ക് ഇടാൻ പോകുന്ന തൂക്ക് കയർ കണ്ട് പറഞ്ഞത് ‘ഇത് ആണുങ്ങൾക്ക് ഉള്ളതാണ് എന്നാണ്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 11 വർഷം തികയുന്നു. 2006 ഡിസംബർ 30 നായിരുന്നു സദ്ദാമിനെ തൂക്കിലേറ്റിയത്. ബലിപെരുനാൾ ദിനത്തിൽ പുലർച്ചെ ആറിനു സൂര്യോദയത്തിനു മുൻപ് ടൈഗ്രിസ് നദിക്കരയിലെ കഴുമരത്തിൽ സദ്ദാമിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ അന്ത്യം.
സദ്ദാം ഭരണകാലത്ത് 1982ൽ ദുജൈൽ നഗരത്തിൽ 148 കുർദ് വംശജരായ ഷിയാ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്‌ത കേസിലായിരുന്നു വധശിക്ഷ. അറബ് ചരിത്രത്തിലെ കറുത്ത ദിനമായാണ് സദ്ദാം അനുകൂലികൾ ഈ ദിനത്തെ കാണുന്നത്. അറബ് മനസ്സുകളിൽ അമേരിക്കയുടെ മറക്കാനാവാത്ത അണുബോംബായിരുന്നു ആ ശിക്ഷ.
സദ്ദാമിന്റെ ശിക്ഷ നടപ്പാക്കുന്നതിനു നേതൃത്വം നൽകിയത് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുവഫഖ് അൽറുബായി ആയിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾക്ക് റുബായി സാക്ഷിയായിരുന്നു. ഉറച്ച മനസോടെ, പതറാത്ത കാലുകളോടെയായിരുന്നു സദ്ദാം കൊലക്കയറിലേക്കു നടന്നതെന്നു അൽറുബായി ഓർക്കുന്നു. പശ്ചാതാപത്തിന്റെയും ഭയത്തിന്റേയും കണിക പോലും ആ മുഖത്തു കാണാനായില്ല. വെളുത്ത വി നെക് ടീ ഷർട്ടും കറുത്ത ജാക്കറ്റുമായിരുന്നു ധരിച്ചത്. കയ്യിൽ ഒരു ഖുറാൻ പിടിച്ചിരുന്നു. ജഡ്ജിയുടെ മുറിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ ഉറക്കെ വിളിച്ചു പറഞ്ഞു, അമേരിക്കയ്ക്കു മരണം, ഇസ്രയേലിനു മരണം, പലസ്തീൻ നീണാൻ വാഴട്ടെ, പേർഷ്യൻ പുരോഹിതർക്കു മരണം.
തുടർന്ന് തൂക്കിലേറ്റാനുള്ള മുറിയിലേക്കു കൊണ്ടുപോയി. തൂക്കു കയറിലേക്കു ഒന്നു നോക്കിയ സദ്ദാം പറഞ്ഞു. ഡോക്ടർ ഇത് ആണുങ്ങൾക്കുള്ളതാണ്. പിന്നെ ബന്ധനസ്ഥനായ അദ്ദേഹത്തെ തൂക്കുകയറിനടുത്തെത്തിച്ചു. തൂക്കിലേറ്റുന്നതിനു മുൻപ് സദ്ദാമിന്റെ സത്യവാചകം. ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു’ -കൊലക്കയർ മുറുക്കും മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ. വിശുദ്ധ ഗ്രന്ഥമായ ഖുർആന്റെ ഒരു കോപ്പി ചോദിച്ചുവാങ്ങിയ സദ്ദാം നെഞ്ചോടു ചേർത്തുവച്ചു പ്രാർഥിച്ചശേഷം അതു മടക്കിനൽകി. രണ്ടാമത്തെ വാചകം പൂർത്തിയാക്കാനായില്ല. ആദ്യം ലിവർ വലിച്ചത് താൻ തന്നെയായിരുന്നു. എന്നാൽ ശരിയാകാത്തതിനാൽ മറ്റൊരാൾ വലിച്ചു. സദ്ദാം മരണത്തിലേക്ക്. മൃതദേഹം പ്രധാനമന്ത്രി നൂറി അൽമാലിക്കിയുടെ വീട്ടിലേക്കായിരുന്നു കൊണ്ടുപോയത്. പിന്നീട് മൃതദേഹവുമായി ഹെലികോപ്റ്ററിൽ പറന്നു. ഇറാഖ് പ്രധാനമന്ത്രി നൂറി അൽ മാലിക്കിയുമായി അടുത്ത ബന്ധമുള്ള താൻ സദ്ദാമിന്റെ ഭരണകാലത്ത് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നാൽ തൂക്കുകയറിനുമുന്നിൽ നിന്ന സദ്ദാമിനോടു തനിക്കു പക തോന്നിയില്ലെന്നും റുബായി പറയുന്നു.