സ്വയം തൊഴില്‍ സംരംഭത്തിനായി കള്ള സത്യവാങ്മൂലം നല്‍കി പണം തട്ടി; സജി മഞ്ഞക്കടമ്പനെതിരെ വിജിലന്‍സ് കേസ്

യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെതിരെ കോട്ടയം വിജിലന്‍സ് കേസെടുത്തു. സ്വയം തൊഴില്‍ സംരംഭത്തിനായി കള്ള സത്യവാങ്മൂലം നല്‍കി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സി പി എം പ്രവര്‍ത്തകനായ പാല സ്വദേശി ബിന്‍സ് ജോസഫാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് കേസ്. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ കെ എഫ് സിയില്‍ നിന്ന് കള്ളസത്യവാങ്മൂലം നല്കി വായ്പ സജി മഞ്ഞക്കടമ്പന്‍ സ്വന്തമാക്കിയെന്നാണ് പരാതി. സജിയ്ക്ക് പുറമെ സജിയുടെ ഭാര്യ, മൂന്ന് ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സജിയുടെ ഭാര്യക്ക് ജോലി ഉണ്ടായിട്ടും ഇല്ലെന്ന് സത്യവാങ്മൂലം നല്‍കിയെന്നും അര്‍ഹരായവരെ തഴഞ്ഞ് സ്വാധീനം ഉപയോഗിച്ച് 17 ലക്ഷം രൂപ വായ്പ നേടിയെന്നും ബിന്‍സ് ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ വായ്പക്ക് അപേക്ഷിക്കുമ്പോള്‍ ഭാര്യക്ക് ജോലി ഇല്ലായിരുന്നാണ് സജി മഞ്ഞക്കടമ്പന്റെ പ്രതികരണം. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സജി മഞ്ഞകടമ്പന്‍ പറഞ്ഞു. നേരത്തെ സമാനമായ പരാതി കോട്ടയം വിജിലന്‍സില്‍ ലഭിക്കുകയും അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ നേരിട്ട് സമീപിച്ചു. പരാതി ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് 16 തിയതിയിലേക്ക് മാറ്റിവെച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top