തിരുവനന്തപുരം: ഡിവൈ.എസ്.പി. ഹരികുമാര്‍ സനലിനെ മനഃപൂര്‍വ്വം തള്ളിയിട്ട് കൊന്നതാണെന്ന് ക്രൈംബ്രാഞ്ച്. ഇനിയും പിടികൊടുക്കാതെ കറങ്ങി നടന്ന് സേനക്ക് നാണക്കേടാമ്പോഴും കേസില്‍ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഉറപ്പായി.
സനലിനെ ഡിവൈ.എസ്.പി. മനഃപൂര്‍വ്വം കൊലപ്പെടുത്തിയതാണ്. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.
ഇതിനിടെ ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കേരളത്തില്‍ തിരിച്ചെത്തിയതായി സൂചനയുണ്ട്. വൈകാതെ അദ്ദേഹം കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വെള്ളിയാഴ്ച പ്രതി കീഴടങ്ങാന്‍ തയാറാണെന്ന് ബന്ധു പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ശനിയും ഞായറും അവധി ദിനങ്ങളായതിനാല്‍ ജയിലില്‍ കൂടുതല്‍ ദിവസം കഴിയുന്നത് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നുവെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്.
പ്രതിയെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് സനലിന്റെ ഭാര്യ ഇന്ന് രാവിലെ എട്ടു മണിമുതല്‍ ഉപവാസ സമരം നടത്തും.