സാനിറ്ററി പാഡിൽ നീലയ്ക്ക് പകരം ചുവപ്പ്; മാറ്റത്തിന് തുടക്കമിട്ട് പരസ്യം; വീഡിയോ വൈറല്‍

ആര്‍ത്തവം സ്ത്രീകളില്‍ നടക്കുന്ന സാധാരണ ജൈവപ്രകൃയ മാത്രമാണ്. എന്നാല്‍ ആര്‍ത്തവത്തെ ആ രീതിയില്‍ കാണാന്‍ നമ്മുടെ സമൂഹം ഇപ്പോഴും തയ്യാറല്ല. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ആര്‍ത്തവം അശുദ്ധിയാണ്. ആര്‍ത്തവ രക്തം അശുദ്ധിയാണെന്ന് വിശ്വസിക്കുക മാത്രമല്ല, സാനിറ്ററി പാഡ് കാണുന്നത് പോലും പലര്‍ക്കും നാണക്കേടാണ്. എന്നാല്‍ ആര്‍ത്തവ രക്തത്തില്‍ ഒളിച്ച് വെക്കെണ്ടതായി ഒന്നുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബോഡി ഫോം എന്ന പ്രമുഖ ഫെമിനൈന്‍ ഹൈജീന്‍ കമ്പനി. ആര്‍ത്തവം സാധാരണമാണ്, അത് അങ്ങനെ തന്നെ കാണിക്കുകയും വേണം എന്നതാണ് ബോഡിഫോമിന്റെ പുതിയ പരസ്യവാചകം. സാധാരണയായി സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തില്‍ കറയായി നീല നിറത്തിലുള്ള മഷിയാണ് കാണിക്കാറുള്ളത്. ഇതിനൊരു മാറ്റമാണ് ബോഡിഫോം കൊണ്ടുവന്നിരിക്കുന്നത്. 20 സെക്കന്റ് നീളുന്ന പരസ്യത്തില്‍ ആദ്യമായി നീലയ്ക്ക് പകരം ചുവന്ന ദ്രാവകം ഉപയോഗിച്ചിരിക്കുന്നു. ഒരു യുവാവ് സാനിറ്ററി പാഡ് വാങ്ങുന്നതും യുവതികളുടെ കാലിന് ഇടയിലൂടെ രക്തം ഒലിച്ചിറങ്ങുന്നതുമെല്ലാം പരസ്യത്തില്‍ കാണിച്ചിട്ടുണ്ട്. ആര്‍ത്തവത്തെ ഒരു സാധാരണ കാര്യമായി കാണണം എന്ന സന്ദേശം പങ്കുവെയ്ക്കാന്‍ ബ്ലഡ് നോര്‍മല്‍ ഹാഷ് ടാഗും ബോഡി ഫോം പ്രചരിപ്പിക്കുന്നുണ്ട്.

Top