ഇന്റർനാഷണൽ ഡെസ്‌ക്
ജിദ്ദ: കുടുംബബന്ധങ്ങളിലെ വിള്ളൽ രാജ്യഭരണത്തെപ്പോലും ബാധിച്ച് രാജകുടുംബാംഗങ്ങൾ തമ്മിൽ ഏ്റ്റുമുട്ടലിന്റെ വക്കോളം എത്തിയ സൗദിയിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. കുടുംബത്തിൽ നിന്നു വേർപ്പെട്ട സൗദിരാജകുടുംബാംഗങ്ങൾ രക്ഷപെട്ട ശേഷം ലെബനൻ അടക്കമുള്ള സൗദി വിരുദ്ധ ശക്തികളുമായി ഒത്തു ചേർന്ന് സൗദിയുടെ ഭരണം പിടിച്ചേക്കുമെന്നു സൂചന. സൗദി രാജകുടുംബത്തിലെ വിള്ളൽ മുതലെടുക്കാൻ രംഗത്തിറങ്ങിയവരിൽ ലോക തീവ്രവാദി സംഘടനയായ ഐ.എസുമുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
സൗദി അറേബ്യ പ്രത്യേക സാഹചര്യത്തിലൂടെയണ് കടന്നുപോകുന്നത്. കഴിഞ്ഞ ശനിയാഴ്ച അർധരാത്രി മുതൽ അറസ്റ്റ് ചെയ്യപ്പെട്ടത് മന്ത്രിമാരും മുൻ മന്ത്രിമാരും വ്യവസായികളും ഉൾപ്പെടെയുള്ളവരാണ്. ആഗോള മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ കൊടുത്ത ഈ വാർത്തകൾക്ക് പിന്നാലെ വരുന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നു. സൗദിയിലെ സാഹചര്യം ആ രാജ്യത്തിന്റെ ശത്രുക്കൾ മുതലെടുക്കുമെന്നാണ് സൂചനകൾ.
സൗദിയിലെ അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന രാജകുമാരൻമാരെ സ്വീകരിക്കാൻ തയ്യാറാണെന്ന് യമനിലെ ഹൂഥികളാണ് അറിയിച്ചത്. യമനിലെ ഹൂഥികൾക്കെതിരേ സൗദി സൈന്യം ഏറെ കാലമായി യുദ്ധത്തിലാണ്. പുതിയ അവസരം മുതലെടുക്കാനാണ് ഇറാന്റെ പിന്തുണയുള്ള ഷിയാ സംഘമായ ഹൂഥികളുടെ നീക്കം.
സൗദി കിരീടവകാശിയയും സൽമാൻ രാജാവിന്റെ മകനുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് കൂട്ട അറസ്റ്റ് നടത്തുന്നത്. ഇത് അധികാര വടംവലിയുടെ ഭാഗമാണെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഹൂഥികൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ഇപ്പോൾ അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെവന്ന് അറ്റോർണി ജനറൽ അറിയിച്ചിരുന്നു. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജകുടുംബവുമായി ബന്ധമുള്ളവർ സൗദി വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വരുന്നത്.
ഇങ്ങനെ സൗദി വിട്ടു പോരുന്നവർക്ക് എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് ഹൂഥി നേതാക്കൾ അറിയിച്ചു. സൗദിയിൽ അടിച്ചമർത്തലാണ് നടക്കുന്നത്. രാജകുമാരൻമാരെ മാത്രമല്ല, സൗദി പൗരൻമാരെയും സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും അവർ തങ്ങളുടെ അയൽക്കാരും സുഹൃത്തുക്കളുമാണെന്നും ഹൂഥികൾ പറയുന്നു.
ഹൂഥി നേതാക്കളെ ഉദ്ധരിച്ച് അൽജസീറയാണ് അഭയം നൽകാൻ സന്നദ്ധമാണെന്ന വാർത്ത നൽകിയത്. സൗദിയിലെ രാഷ്ട്രീയത്തിൽ നിന്ന് ലാഭമുണ്ടാക്കൽ തങ്ങളുടെ ലക്ഷ്യമില്ല. പക്ഷേ, അഭയം ചോദിച്ച് ആര് വന്നാലും തങ്ങൾ സഹായിക്കും. സൗദി രാജകുമാരൻമാർക്കും പൗരന്മാർക്കും അഭയം നൽകും- ഹൂഥികൾ വ്യക്തമാക്കി.
11 രാജകുമാരൻമാരെയാണ് സൗദിയിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. 50ലധികം രാജകുമാരൻമാരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇവരിൽ കൂടുതൽ പേരും റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ തടവിലാണ്. ശനിയാഴ്ച രാത്രി പൊടുന്നനെ ഒഴിപ്പിച്ച ഹോട്ടൽ പിന്നീട് താൽക്കാലിക ജയിലാക്കി മാറ്റുകയായിരുന്നു. ഹോട്ടൽ ഒഴിപ്പിച്ചതിന് പിന്നാലെയാണ് കൂട്ട അറസ്റ്റ് നടന്നത്.
നാല് മന്ത്രിമാരും നിരവധി മുൻമന്ത്രിമാരും അറസ്റ്റിലായിട്ടുണ്ട്. ഇവർക്കെതിരായ എല്ലാ തെളിവുകളും ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്ത ശേഷം രണ്ടാംഘട്ട അറസ്റ്റ് തുടങ്ങാനാണ് തീരുമാനം.
സൗദിയിൽ അറസ്റ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ ഹൂഥികൾ പ്രതികരിച്ചിരുന്നു. ഹൂഥികൾ നേതൃത്വം നൽകുന്ന റവലൂഷനറി കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് അലി അൽ ഹൂഥി, മറ്റൊരു നേതാവ് അബ്ദുൽ മാലിക് അൽ ഹൂഥിയും സൗദിക്കാരെ യമനിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
സൗദി സൈന്യം യമനിൽ ഹൂഥികൾക്കെതിരേ ആക്രമണം തുടങ്ങിയ ശേഷം 10000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ ഹൂഥികൾക്ക് ആയുധങ്ങൾ എത്തുന്നത് തടയാൻ അതിർത്തി ഉപരോധിച്ചിരിക്കുകയാണ് സൗദി സൈന്യം. ഇറാനിൽ നിന്ന് ഹൂഥികൾക്ക് ആയുധങ്ങൾ വരുന്നുണ്ടെന്നും ഹൂഥികൾ റിയാദിലേക്ക് ദീർഘദൂര മിസൈൽ അയച്ചത് അങ്ങനെയാണെന്നും സൗദി ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ യമനിലേക്ക് ക്ഷണിച്ചുള്ള ഹൂഥികളുടെ പ്രസ്താവന സൗദി നേതാക്കളെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
അതേസമയം, സൗദി രാജകുമാരാനായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് സൗദി അറേബ്യ വിട്ടതായി റിപ്പോർട്ടുണ്ട്. അദ്ദേഹം ഇറാനിലേക്ക് പോയെന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങൾ നൽകുന്ന വിവരം.എന്നാൽ ഇക്കാര്യത്തിൽ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.
തുർക്കി ബിൻ മുഹമ്മദിന്റെ ബന്ധുവായ രാജകുമാരൻ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സൗദി നിഷേധിച്ചു. അതിന് പിന്നാലെയാണ് തുർക്കി ബിൻ മുഹമ്മദ് സൗദി അറേബ്യ വിട്ടു ഇറാനിൽ അഭയം തേടിയെന്ന വിവരം വന്നിരിക്കുന്നത്.
തത്‌സമയം, രാജകുമാരൻ രാജ്യം വിട്ടുവെന്ന വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്. കാരണം സൗദി അറേബ്യയിൽ രാജകുടുംബത്തിൽപ്പെട്ടവർ രാജ്യം വിട്ടു പോകുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അഴിമതി അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ രാജകുടുംബത്തിലെ ആരും സൗദി വിട്ടുപോകരുതെന്നാണ് നിർദേശം. ഇവർ യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വകാര്യ വിമാനങ്ങൾ സർവീസ് നിർത്തിവച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.