വിദേശ ലേഖകൻ
ജിദ്ദ; ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭാ മേലധ്യക്ഷൻ സൗദിയിലേക്ക് എത്തുന്നു. ലെബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് തലവൻ കർദിനാൾ ബിഷാറ അൽ റായി സൗദിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് എത്തുന്നത്. സൽമൻ രാജാവിനെയും മകനും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം സന്ദർശിക്കും.
അന്ത്യോക്യാ സിറിയൻ മരോനൈറ്റ് സഭയുടെ തലവനാണ് അൽറായി. മാർപാപ്പയെ തിരഞ്ഞടുക്കുന്ന കർദിനാൾ സംഘത്തിലെ ഏക അറബ് വംശജൻ കൂടിയാണ് അൽറായി.
മുസ്ലിംകളും ക്രൈസ്തവരും തമ്മിലുള്ള ഐക്യം വിളിച്ചോതുന്നതാകും സന്ദർശനമെന്ന് കരുതുന്നു. ഭീകരതയും ഇസ്ലാമും കൂടിച്ചേർന്ന് സംസാരിക്കുന്ന പ്രവണത ലോകത്ത് വർധിച്ചിട്ടുണ്ട്. എന്നൽ ഇത് രണ്ടും രണ്ടായി കാണണമെന്ന് അടുത്തിടെ അമേരിക്കൻ സന്ദർശനത്തിനിടെ അൽ റായി പറഞ്ഞിരുന്നു.
മതങ്ങൾ തമ്മിലുള്ള സമാധാന പൂർണമായ സഹവർത്തിത്വത്തിന്റെ ഉജ്വല സന്ദേശമായിരിക്കും കർദിനാൾ അൽറായിയുടെ സൗദി സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു. മതങ്ങൾ തമ്മിൽ ഐക്യത്തിന്റെ ഭാഷ രൂപപ്പെടണമെന്നും അൽറായി അഭിപ്രായപ്പെട്ടിരുന്നു.