സൗദിയില്‍ അത്ഭുതങ്ങളുടെ നിലവറ കണ്ടെത്തി; ഭൂമിക്കടിയില്‍ വാതിലുകള്‍; ആശ്ചര്യത്തോടെ ഗവേഷകര്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം പറയാനുണ്ട് സൗദി അറേബ്യ എന്ന മരുഭൂമിക്ക്. എണ്ണയും സ്വര്‍ണവും സമ്മാനിച്ച് എന്നും അത്ഭുതങ്ങള്‍ മാത്രം കാണിച്ച ഈ മണല്‍പ്പരപ്പിനടിയില്‍ ഗവേഷകരെ ഞെട്ടിച്ച് പുതിയ ചില അവശേഷിപ്പുകള്‍. എല്ലാത്തിനും സഹായകമായത് ഗൂഗ്ള്‍ എര്‍ത്തിന്റെ സാങ്കേതിക മികവ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലാത്ത ‘വാതിലുകളാണ്’ ശാസ്ത്രഗവേഷകര്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കല്ലുകൊണ്ടുള്ള നിര്‍മിതിയുടെ പഴമയും ചരിത്രവും തേടിയുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് ഗവേഷക സംഘം. സൗദി അറേബ്യയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മനസില്‍ ഓടിയെത്തുക മരുഭൂമിയുടെ ചിത്രമാണ്. കൂറ്റന്‍ മലകളും മണല്‍പരപ്പും ചുട്ടുപൊള്ളുന്ന ചൂടും മാത്രം പുറമെ കാണുന്ന ഇവിടെ മനോഹരമായ ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്നു.

ശാസ്ത്രലോകം ഇതു തേടിയുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചിട്ട് ഏറെ നാളായി. പുരാവസ്തുക്കളുടെ ഒട്ടേറെ കേന്ദ്രങ്ങള്‍ സൗദിയിലുണ്ടെന്ന് തിരിച്ചറിയുകയാണ് ഗവേഷകര്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഡേവിഡ് കെന്നഡിയാണ്. ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കാത്ത പലതും സൗദിയും മണ്ണറയിലുണ്ടെന്ന് കെന്നഡി പറയുന്നു. ഗുഗ്ള്‍ എര്‍ത്ത് വഴി ലഭിക്കുന്ന ചിത്രങ്ങളില്‍ നിരവധി വാതിലുകള്‍ ഉള്‍പ്പെടുന്ന നിര്‍മിതിയുടെ ശേഷിപ്പുകളാണ് തെളിഞ്ഞത്. വാതിലുകള്‍ എന്ന് കെന്നഡി തന്നെയാണ് വിളിച്ചത്. മുകളില്‍ നിന്നുള്ള ഒറ്റനോട്ടത്തില്‍ വാതിലുകള്‍ പോലെ തോന്നുന്ന നിര്‍മിതികളാണ് ചിത്രത്തില്‍ തെളിയുന്നത്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുകയാണ്. പുരാതന കാലത്ത് ഇവിടെ ആള്‍ത്താമസമുണ്ടായിരുന്നോ? ആരായിരുന്നു അക്കാലത്തെ ജനവിഭാഗം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. എല്ലാം ഒരു ദുരൂഹമായി തുടരുന്ന കാര്യങ്ങളാണെന്നും പഠനം നടക്കുകയാണെന്നും കെന്നഡി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1997 മുതലാണ് കെന്നഡിയും സംഘവും ഈ ഗവേഷണത്തിന് തുടക്കമിടുന്നത്. സൗദിയുടെ അയല്‍ രാജ്യമായ ജോര്‍ദാന് മുകളിലൂടെ ഹെലികോപ്റ്ററില്‍ കറങ്ങി നിരവധി ചിത്രങ്ങള്‍ പകര്‍ത്തി ആദ്യം. അത് പരിശോധിച്ചപ്പോഴാണ് സൗദിയുടെ അടിത്തട്ടില്‍ വിശദമായ ഗവേഷണം വേണമെന്ന് ബോധ്യപ്പെട്ടതെന്ന് കെന്നഡി പറയുന്നു. 400 ലധികം നിര്‍മിതകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ പഠനം നടത്തിയാല്‍ ഇതിനേക്കാള്‍ അധികം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കന്നുകാലികളുടെ കൂടുകളും സംസ്‌കാര കേന്ദ്രങ്ങളും പോലെ തോന്നിക്കുന്നതാണ് കണ്ടെത്തിയ പല നിര്‍മിതികളും. ഇവിടെ വീടുകളുട മാതൃകയും കാണപ്പെടുന്നുണ്ട്. ആരാണ് ഇതെല്ലാം നിര്‍മിച്ചതെന്ന് വ്യക്തമായിട്ടില്ല. 2000 മുതല്‍ 9000 വരെ വര്‍ഷങ്ങള്‍ മുമ്പാണ് ഇവ നിര്‍മിച്ചതെന്ന് അനുമാനിക്കുന്നു. ഇപ്പോള്‍ സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കാണുന്ന ബദവികളുടെ പൂര്‍വികരായിരിക്കും ഈ നിര്‍മാണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പുരാതന മനുഷ്യ വാസത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയത് എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് സംശമില്ല. പക്ഷേ, ഏത് കാലഘട്ടത്തിലേതാണിത്, ആരാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കൂടുതല്‍ ഗവേഷണത്തിന് ഒരുങ്ങുകയാണ് കെന്നഡിയും സംഘവും.

Top