സൗദി അറേബ്യയില്‍ കൂട്ട അറസ്റ്റ്

സൗദി അറേബ്യയില്‍ നിന്നു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പണ്ഡിതന്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നിരവധി പണ്ഡിതന്‍മാരെ പോലീസ് പിടികൂടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. എന്തിനാണ് പണ്ഡിതന്‍മാരെ അറസ്റ്റ് ചെയ്യുന്നത്. പണ്ഡിതന്‍മാരെ മാത്രമല്ല, ബുദ്ധിജീവികളെയും മറ്റു പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖത്തറുമായി ബന്ധമുള്ളവരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി. പണ്ഡിതന്‍മാരുടെ നീക്കങ്ങള്‍ പോലീസ് ഏറെ നാളായി നിരീക്ഷിച്ച് വരികയായിരുന്നു. വിദേശരാജ്യത്തിനും വിദേശത്തെ ചില സംഘങ്ങള്‍ക്കും വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു ഇവരെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു പ്രത്യേക സംഘത്തിലുള്ളവരാണ് പിടിയിലായതെന്നും സൂചനയുണ്ട്. എന്നാല്‍ സൗദി വാര്‍ത്താ ഏജന്‍സി അറസ്റ്റ് സംബന്ധിച്ച് വ്യക്തമാക്കിയില്ല. വിദേശ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശൃംഖലയെ കണ്ടെത്തി എന്നു മാത്രമാണ് എസ്പിഎ റിപ്പോര്‍ട്ടിലുള്ളത്. സൗദിയിലെ പ്രമുഖരായ 20 മതപണ്ഡിതന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. രാജകുടുംബവുമായി ബന്ധപ്പെട്ട പണ്ഡിതരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വിവാദം ചൂടേറിയ ചര്‍ച്ചയാണ്. പണ്ഡിതന്‍മാര്‍ മാത്രമല്ല അറസ്റ്റിലായിട്ടുള്ളത്. പണ്ഡിതന്‍മാര്‍ക്ക് പുറമെ, അധ്യാപകര്‍, ടെലിവിഷന്‍ അവതാരകര്‍, ഒരു കവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ചൊവ്വാഴ്ചയും നിരവധി പേരെ പിടികൂടി.

Top