മാറ്റത്തിന്‍റെ വഴിയില്‍ സൗദി മുന്നോട്ട്; സിനിമാ തിയറ്ററുകള്‍ തുറക്കും

സ്ത്രീകള്‍ക്ക് പൊതുചടങ്ങുകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം പങ്കെടുക്കാനും വാഹനമോടിക്കാനും അനുവാദം നല്‍കിയതിനു പിന്നാലെ പുതിയ പരിഷ്‌ക്കാരവുമായി സൗദി ഭരണകൂടം. രാജ്യത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള നടപടികളുമായാണ് സൗദി മുന്നോട്ടുപോവുന്നത്.
1970കളില്‍ സൗദിയില്‍ സിനിമാ തിയറ്റകളുണ്ടായിരുന്നുവെങ്കിലും യാഥാസ്ഥിതിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സകല മേഖലകളിലും വന്‍ പൊളിച്ചെഴുത്ത് ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030നെ അടിസ്ഥാനമാക്കി പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികാരികള്‍. കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം കിരീടാവകാശി നടത്തിയിരുന്നു. മാറ്റങ്ങള്‍ക്കെതിരേ പുറംതിരിഞ്ഞു നില്‍ക്കുന്ന രാജ്യത്തെ യാഥാസ്ഥിതിക വാദികള്‍ക്ക് കാര്യങ്ങള്‍ പതുക്കെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും 30 വയസ്സില്‍ താഴെയുള്ളവരാണ്. അവരാവട്ടെ മാറ്റത്തിനായി വളരെ അധികം ആഗ്രഹിക്കുന്നവരാണ്. സിനിമാശാലകള്‍ തുറക്കാനുള്ള തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൂടി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ന്യുയോര്‍ക്ക്, ലണ്ടന്‍, ദുബയ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയി സിനിമയും മറ്റ് ഷോകളും കാണുന്നതിനും വിനോദപരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി സൗദികള്‍ വര്‍ഷത്തില്‍ ചെലവാക്കുന്ന 200 കോടി ഡോളറിന്റെ കാല്‍ഭാഗമെങ്കിലും സൗദിയില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Top