സൗദിയിലെ ടാക്‌സി മേഖലയില്‍ മൂന്നു ശതമാനത്തില്‍ കൂടുതല്‍ വിദേശികള്‍ പാടില്ലെന്ന് നിര്‍ദ്ദേശം.ഗതാഗത വകുപ്പിന്റെ അനുമതിയില്ലാത്ത ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ പരസ്യങ്ങള്‍ക്ക് വിലക്കുമേര്‍പ്പെടുത്തി. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളിലെ ഡ്രൈവര്‍മാരില്‍ 97 ശതമാനവും സ്വദേശികളായിക്കഴിഞ്ഞു.ഈ മേഖലയില്‍ ഇനിമുതല്‍ മൂന്ന് ശതമാനം വിദേശികള്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.നിലവില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ഏകീകൃത നിരക്ക് സംവിധാനം നിലവിലില്ല.ഇക്കാര്യത്തില്‍ അധികൃതര്‍ ഇതുവരെ ഇടപെട്ടിട്ടുമില്ല.എന്നാല്‍ നിരക്കുകളില്‍ കൃത്രിമം കാണിക്കുന്നില്ല എന്ന കാര്യം അതോറിറ്റി ഉറപ്പു വരുത്തും.നിലവില്‍ സൗദിയില്‍ 23 ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കാണ് ലൈസന്‍സുള്ളത്. കമ്പനികള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ള വിഹിതവുമായി ബന്ധപ്പെട്ട് ഓരോ കമ്പനിക്കും പ്രത്യേക സംവിധാനങ്ങളുമുണ്ട്. ടാക്‌സി കമ്പനികളില്‍ പുതിയ കാറുകള്‍ ഏര്‍പ്പെടുത്തുന്നതിനും ലൈസന്‍സ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ടാക്‌സി മേഖലയിലെ സ്ഥിതിഗതികള്‍ സമഗ്രമായി പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇത് പൂര്‍ത്തിയാകുന്നതു വരെയാണ് പുതിയ ടാക്‌സി കമ്പനികള്‍ക്കും കാറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ഓരോ നഗരങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഈടാക്കുന്ന നിരക്കുകള്‍ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്തണമെന്നും നിരക്കുകള്‍ക്ക് മുന്‍കൂട്ടി അംഗീകാരം നേടണമെന്നുമുള്ള വ്യവസ്ഥ അതോറിറ്റി നടപ്പിലാക്കിക്കഴിഞ്ഞു.ഓഫറുകളേയും തൊഴിലവസരങ്ങളേയും കുറിച്ച് അതോറിറ്റിയുടെ അനുമതി കൂടാതെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം. ഇത് ലംഘിക്കുന്ന കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തും.