സ്വന്തം ലേഖകൻ
റിയാദ്: കടുത്ത പ്രതിസന്ധിയിൽപ്പെട്ട് ഒഴറുന്ന സൗദിയിൽ തൊഴിൽ നഷ്ടഭീഷണിയും. രാജ്യത്തെ വ്യവസ്ഥിതിയെ തന്നെ തകിടം മറിയുകയാണ്. ഇതിനിടെയാണ് ഒമ്പതുമാസത്തിനിടെ സൗദി അറേബ്യയിൽ 3,02,473 വിദേശികൾക്ക് തൊഴിൽ നഷ്ടമായെന്ന കണക്കുകൾ പുറത്തു വരുന്നത്. പ്രതിദിനം 3000 പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നു. ഇതിൽ 1120 പേർ വിദേശികളാണ്. ജനുവരി ഒന്നുമുതൽ സെപ്തംബർ 30 വരെയുള്ള ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതേകാലയളവിൽ സ്വകാര്യമേഖലയിൽ അഞ്ചുലക്ഷം സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. പ്രതിദിനം 1881 സ്വദേശികൾക്കാണ് ജോലി പോകുന്നത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നു.
ഈ വർഷം രണ്ടാംപാദത്തിൽമാത്രം 1,65,500 വിദേശികളുടെ കുറവുണ്ടായി. സ്വദേശിവൽക്കരണനടപടി ത്വരിതപ്പെടുത്തിയതും ആശ്രിത ലെവി ഏർപ്പെടുത്തിയതുമാണ് വിദേശികളുടെ എണ്ണം കുറയ്ക്കുന്നത്. ആശ്രിത ലെവി നിലവിൽവന്നതോടെ വനിതകൾ വൻതോതിൽ തിരിച്ചുപോകാൻ തുടങ്ങി. ഇതുകാരണം തൊഴിൽ മേഖലയിൽ വിദേശ വനിതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജിദ്ദ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ റിപ്പോർട്ട് പറയുന്നു.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത 82.1 ലക്ഷം വിദേശ തൊഴിലാളികൾ രാജ്യത്തുണ്ട്. കഴിഞ്ഞവർഷം ഡിസംബർ അവസാനവാരം വിദേശ തൊഴിലാളികൾ 85.13 ലക്ഷമായിരുന്നു.
അതേസമയം, ഈ വർഷം രണ്ടാംപാദത്തിൽ 28,900 സ്വദേശികൾ തൊഴിൽമേഖലയിലേക്ക് പുതുതായെത്തി. ഇതിൽ 40 ശതമാനം വനിതകളാണ്. ജൂൺമുതൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതോടെ വൻതോതിൽ സൗദി വനിതകൾ തൊഴിൽമേഖലയിൽ പ്രവേശിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
സെപ്തംബർ അവസാനവാരത്തിലെ കണക്കുപ്രകാരം സ്വകാര്യമേഖലയിൽ 5,14,860 വനിതകൾ തൊഴിലെടുക്കുന്നുണ്ട്. വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവിയോ ആശ്രിത ലെവിയോ പിൻവലിക്കില്ലെന്ന തൊഴിൽ, സാമൂഹികമന്ത്രി ഡോ. അലി അൽ ഗഫീസ് വ്യക്തമാക്കി.
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 85 ശതമാനം വിദേശികളുടെയും വിദ്യാഭ്യാസ യോഗ്യത സെക്കൻഡറിയോ അതിനുതാഴെയോ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽതന്നെ 50 ശതമാനംപേർ വളരെ വിദ്യാഭ്യാസം കുറഞ്ഞവരാണെന്നും വിദേശി, സ്വദേശി അനുപാതം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ലെവിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു.