സൗദി ടൂറിസം; കായിക മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കും

സൗദി ടൂറിസ- കായിക മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം ആരംഭിച്ചു. വിഷന്‍ 2030ന്റെ ഭാഗമായി സ്വദേശി യുവതികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാന്‍ സൗദി ടൂറിസം അതോറിറ്റി, സ്പോര്‍ട്സ് അതോറിറ്റി എന്നിവയുമായി തൊഴില്‍ മന്ത്രാലയം ധാരണ ഒപ്പുവെച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കുള്ള കായിക കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് ജോലി നല്‍കുക. കായിക മേഖലയിലും പദ്ധതികളിലും സ്ത്രീകള്‍ക്ക് മുതല്‍മുടക്കാന്‍ അവസരം സൃഷ്ടിക്കുക എന്നിവ കരാറിന്റെ ഭാഗമാണ്. ടൂറിസ മേഖലയില്‍ നിരവധി തസ്തികകളില്‍ സ്ത്രീകളെ നിയമിക്കാനാവുമെന്നാണ് പ്രതീക്ഷ. അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ദേശീയ ആഘോഷ, വിനോദ പരിപാടികള്‍ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാവുമെന്നും തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നു. സ്വദേശി സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാനാണിപ്പോള്‍ ശ്രമം. ഇതിന്റെ ഭാഗമായി തൊഴില്‍ രംഗത്തെ വനിതവല്‍കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.

Top