സൗദി അറേബ്യന്‍ വ്യോമസേനാ വിമാനം യമനില്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. യമനിലെ അബ്‌യാന്‍ പ്രദേശത്ത് അല്‍ഖാഇദയ്‌ക്കെതിരേ നടന്ന സൈനിക ഓപറേഷനിടയിലാണ് യുദ്ധവിമാനം തകര്‍ന്നു വീണതെന്ന് സൗദി പ്രതിരോധമന്ത്രാലയം അറിയിച്ചു. ലഫ്. കേണല്‍ മുഹന്ന ബിന്‍ സഅദ് അല്‍ ബൈസ് ആണ് കൊല്ലപ്പെട്ട പൈലറ്റ്. കോയിലീഷന്‍ ഫോര്‍ റെസ്‌റ്റൊറേഷന്‍ ഓഫ് ലെജിറ്റിമസി ഇന്‍ യമന്‍ എന്ന പേരിലറിയപ്പെടുന്ന സൗദി സഖ്യത്തിന്റെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി സംഭവം സ്ഥിരീകരിക്കുകയുണ്ടായി. കൊല്ലപ്പെട്ട പൈലറ്റിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമാനത്തിനുണ്ടായ സാങ്കേതികത്തകരാറാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് സൗദി സഖ്യം പറയുന്നതെങ്കിലും ശത്രുക്കളുടെ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച യമനിലുണ്ടായ മറ്റൊരു വിമാനാപകടത്തില്‍ യു.എ.ഇ പൈലറ്റും സൈനികനും കൊല്ലപ്പെട്ടിരുന്നു. സുല്‍ത്താന്‍ അല്‍ നഖ്ബി എന്ന പൈലറ്റും ഫസ്റ്റ് സര്‍ജന്റ് നാസര്‍ ഗരീബ് അല്‍ മസ്‌റൂഇ എന്ന സൈനികനുമാണ് കൊല്ലപ്പെട്ടത്. യമനിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇവിടെ പോരാടുന്ന ശിയാ വിഭാഗമായ ഹൂതികള്‍ക്കെതിരേ 2015ലാണ് സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന സൈനിക സഖ്യം രംഗത്തെത്തിയത്. 2011ലെ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് സ്ഥാനഭ്രഷ്ടനാക്കിപ്പെട്ടതിനു ശേഷം ഹൂതികള്‍ തലസ്ഥാന നഗരിയായ സന്‍ആ പിടിച്ചെടുക്കുകയും ഏറ്റവും വലിയ നഗരമായ അദ്നിലേക്ക് നീങ്ങുകയും ചെയ്തപ്പോഴായിരുന്നു സഖ്യസേനയുടെ ഇടപെടല്‍. അന്താരാഷ്ട്ര പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി പ്രസിഡന്റായ യമന്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുകയായിരുന്നു സഖ്യത്തിന്റെ ലക്ഷ്യം. സംഘര്‍ഷത്തെ തുടര്‍ന്ന് 10,000 ആളുകള്‍ കൊല്ലപ്പെടുകയും 40,000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്. സൗദി സഖ്യത്തിന് നൂറുകണക്കിന് സൈനികരെയും നഷ്ടമായിട്ടുണ്ട്.