സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണ് സൗദിയില്‍ വിലക്ക് ഉണ്ടായിരുന്നത്. ഈ വിലക്കാണ് ബുധനാഴ്ചയോടെ ഔദ്യോഗികമായി പിന്‍വലിക്കുന്നത്. ഇന്റര്‍നെറ്റ് ഓഡിയോ വീഡിയോ കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി വകുപ്പുകളുടെ മന്ത്രി അബ്ദുള്ള അല്‍ സവാഹ നേരത്തെ അറിയിച്ചിരുന്നു. വിലക്ക് നീങ്ങുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. കമ്യൂണിക്കേഷന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനും ടെലികോം സര്‍വ്വീസ് ദാതാക്കളും ഇതിനായി പ്രവര്‍ത്തിച്ചുവരികയാണ്. ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്കും ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ഗുണകരമാകും. സ്‌കൈപ്പ്, വാട്‌സ് ആപ്പ് തുടങ്ങിയ വീഡിയോ കോളിങ് സൗകര്യങ്ങളിലൂടെയാണ് പ്രവാസി മലയാളികള്‍ ഭൂരിഭാഗവും സ്വന്തം വീടുകളിലേക്ക് ഇപ്പോള്‍ വിളിക്കുന്നത്. ഈ സൗകര്യമാണ് ഇന്ന് മുതല്‍ സൗദി അറേബ്യയിലെ മലയാളികള്‍ക്കും ഔദ്യോഗികമായി ലഭിക്കാന്‍ പോകുന്നത്.