സൗദിയില്‍ കുടുംബ ഡ്രൈവര്‍മാരായി പ്രവാസി വനിതാ ഡ്രൈവര്‍മാര്‍; പുരുഷ ഡ്രൈവര്‍മാര്‍ക്ക് പണി പോകും

സ്ത്രീകള്‍ക്കെതിരായ ഡ്രൈവിംഗ് നിരോധനം ഇല്ലാതായതോടെ പുരുഷ ഡ്രൈവര്‍മാര്‍ക്ക് പണി പോകും. നിലവില്‍ ഓരോ വീടുകളിലും സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോവുന്നതിന് ഓരോ വീട്ടിലും ഒന്നോ അതിലധികമോ പുരുഷ ഡ്രൈവറുണ്ടാവും. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കുള്ളതു കൊണ്ടാണിത്. എന്നാല്‍ സൗദി ഭരണകൂടം പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ കുടുംബ ഡ്രൈവര്‍മാരായി പ്രവാസി സ്ത്രീകളെ തന്നെ നിയമിക്കാനാണ് വീട്ടുകാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത യാത്രയൊരുക്കാന്‍ അത് കൂടുതല്‍ സഹായകമാവും എന്നതിനാലാണിത്. കമ്പനികളും ഈ രീതിയില്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. വനിതാ ഡ്രൈവര്‍മാര്‍ അപകടം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണിത്. സര്‍ക്കാറിന്റെ പുതിയ തീരുമാനപ്രകാരം തടസ്സമില്ലെങ്കില്‍ ഇക്കാര്യം ഗൗരവപൂര്‍വം ആലോചിച്ചുവരികയാണെന്ന് ജിദ്ദയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നായ അറഫാത്ത് റിക്രൂട്ട്‌മെന്റിലെ ആലം റസ്സാഖ് പറയുന്നു. പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ വരാന്‍ കാത്തിരിക്കുകയാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ബിസിനസ് സ്ഥാപനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനകം ഇത് പുറത്തിറങ്ങുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ സൗദിയില്‍ 13 ലക്ഷം പ്രവാസി ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. പുതിയ തീരുമാനം നടപ്പാവുന്നതോടെ ഇവരുടെ എണ്ണം ഗണ്യമായി കുറയും. ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും നല്ലൊരു അവസരമാണ് പുതിയ തീരുമാനത്തോടെ കൈവന്നിരിക്കുന്നത്. രാജ്യത്തെ സ്വദേശികളും വിദേശികളുമായ വനിതകള്‍ കൂട്ടത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുമെന്നതിനാല്‍ ഇവരെ പഠിപ്പിക്കാന്‍ വനിതാ ഡ്രൈവര്‍മാരെ തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍. പുരുഷ ഡ്രൈവര്‍മാര്‍ക്ക് സ്ത്രീകളെ പഠിപ്പിക്കുന്നതിന് വിലക്കുണ്ടാവാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Top