യോഗ പരിശീലനത്തെ കായികപ്രവൃത്തിയായി സൗദി അംഗീകരിച്ചു

യോഗപരിശീലനത്തെ കായികപ്രവൃത്തിയായി സൗദി വ്യവസായ-വാണിജ്യ മന്ത്രാലയം അംഗീകരിച്ചു. സൗദിയിലെ ആദ്യ യോഗ പരിശീലകയായ നൗഫ് മാര്‍വായിയാണ് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം അംഗീകരിച്ചതോടെ വാണിജ്യ ഉദ്ദേശ്യത്തില്‍ യോഗ പരിശീലിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അനുമതി ആര്‍ക്കും ലഭ്യമാകും. യോഗയുടെ നാടെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച മാര്‍വായി ഇവിടത്തെ സര്‍ക്കാരില്‍നിന്നും സൗദിയിലെ കോണ്‍സുലേറ്റ് ജനറല്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവരില്‍നിന്നും തനിക്ക് ലഭിച്ച പിന്തുണയെയും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചു. കടുത്ത ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന സൗദി അറേബ്യയില്‍ അടുത്തകാലത്തായി നടക്കുന്ന ഉദാരവത്കരണ പരിഷ്‌കാരങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഗീതപരിപാടികള്‍ക്കും ചലച്ചിത്രപ്രദര്‍ശനത്തിനും അനുമതിനല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം അടുത്തവര്‍ഷത്തോടെ അനുവദിക്കും.

Top