സ്വന്തം ലേഖകൻ
ഭൂഗോളത്തിലെ വലിയൊരു അത്യാഹിതമായിട്ടാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ഒരു കടൽ വറ്റിപ്പോവുക. പകരം മരുഭൂമി പിറക്കുക!! അവിശ്വാസത്താൽ പുരികം വളച്ചല്ലാതെ ആർക്കാണ് ഇത് കേൾക്കാനാവുക?
എന്നാൽ, ദശലക്ഷക്കണക്കിന് വർഷം ആയുസ്സുള്ള ഒരു കടലിൻറെ (മഹാ തടാകം)അന്ത്യം അംഭവിച്ചത് ഏതാനും വർഷങ്ങൾ മാത്രം കൊണ്ടാണ് എന്നുകൂടി അറിയുമ്പോൾ അതൊരു ഞെട്ടലായി മാറും. കേട്ടിട്ടില്‌ളേ ‘ആരാൽ’ കടലെന്ന്. അതെ, ആരാൽ ഒരു കടലായിരുന്നു. ഇന്നത് ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്.
ഇന്നും ആ കടൽ മനസ്സിൽ അലയടിക്കുന്ന ഒരു മീൻപിടുത്തക്കാരൻ അവിടെ ഉണ്ട്. അതാണ് ഖോജബെ. ഖോജാബെയെ പോലുള്ള സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെ മരുപ്പറമ്പായി ആരാൽ മാറിയതെങ്ങനെയെന്ന് അറിയാമോ?
ആരാലിന്റെ മാറിൽ നിന്ന് മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് പേർ ഗ്രാമത്തിൽ ഉണ്ടായിരുന്നു. 1970കൾ വരെ അവർ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങൾക്ക് മൽസ്യം വാരിക്കോരി തന്നിരുന്ന കടലമ്മ പിന്നീട് ക്ഷീണിതയാവുന്നതാണ് അവർ കണ്ടത്. 40 വർഷം പിന്നിട്ടപ്പോഴേക്കും കടലിൻറെ നെഞ്ച് കാണാൻ തുടങ്ങിയിരുന്നു. 68000സ്‌ക്വയർ കിലോമീറ്ററിലെ പാരാവാരം വറ്റിവരണ്ടു. അങ്ങനെ ഒരു കടൽ മരിച്ചു!
ആരാൽ ഉൾപെടുന്ന കസാകിസ്താനിലെ സലാനാഷ് ഗ്രാമമാണ് ഖേജാബെയുടെത്. ആരാൽ കടലിൻറെ വടക്കൻ തീരത്തെ ഗ്രാമം. ഈ കടലിൽ ഞങ്ങൾ എത്രതവണ മുങ്ങാംകുഴിയിട്ടിരിക്കുന്നു. കുട്ടികൾ എത്രതവണ കടൽക്കുളിക്കിറങ്ങിയിരിക്കുന്നു. ഇപ്പോൾ ഞാൻ നിൽക്കുന്ന ഇതേ സ്ഥലത്തു തന്നെ. 40 മീറ്റർ വരെ ആഴമുണ്ടായിരുന്ന ആരാലിലെ വെള്ളം ഞങ്ങൾ നോക്കി നിൽക്കയെന്നവണ്ണം നീരാവിയായി ആകാശത്തിലേക്കുയർന്നു ഇതുപറയുമ്പോൾ 86കാരനായ അദ്ദേഹത്തിൻറെ കാലിനടിയിലെ മണ്ണ് ചുട്ടുപൊള്ളുകയായിരുന്നു. ഇപ്പോൾ നോക്കിയാൽ കണ്ണെത്താ ദൂരത്തോളം ‘മണൽകടൽ’ കാണാം. അവിടെ പണ്ടൊരു നിറകടൽ അതിൻറെ ഉള്ളിൽ പലതിനെയും ഒളിപ്പിച്ച് ജീവിച്ചിരുന്നു എന്നതിന് പല അടയാളങ്ങളും. മണ്ണിൽ ഉറഞ്ഞുപോയതിനാൽ ഉടമകൾ ഉപേക്ഷിച്ചുപോയ കൂറ്റൻ മീൻപിടുത്ത ബോട്ടിന്റെ അവശേഷിപ്പുകൾ ഒരു പ്രേതഭൂമിയെ അനുസ്മരിപ്പിക്കുന്നു. ഈ ബോട്ടിൽ 20 മുതൽ 40 പേർ വരെ മീൻപടിക്കാൻ പോവാറുണ്ടായിരുന്നു. വീണ്ടെടുക്കാനാവാത്ത വിധം മണ്ണിൽ ഉറച്ചുപോയ അവയെ ഉടമകൾ കണ്ണീരോടെ ഉപേക്ഷിക്കുകയായിരുന്നു. മണൽപുറത്ത് ആഞ്ഞു വീശുന്ന കാറ്റിൽ അവ പുതഞ്ഞുപോയിരിക്കുന്നു. ‘ദിവസം ഞാൻ 400 കിലോഗ്രാം വരെ മീൻ പിടിക്കുമായിരുന്നു. എന്നാൽ, എൻറെ അവസാനത്തെ വലയിൽ ജീവനറ്റ മൽസ്യങ്ങൾ ആയിരുന്നു.
കടലിൻറെ അന്ത്യ നിമിഷങ്ങളെ കുറിച്ച് വേദനയോടെ ഖോജാബെ പറയുന്നത് കേൾക്കുക. ആ കാലങ്ങളിൽ കടലിൽ ഉപ്പിന്റെ അംശം ഘനീഭവിച്ചു. വെള്ളത്തിൽ ഇറങ്ങുന്നവരുടെ മേൽ വെളുത്ത പാടയോ പൊടിയോ വന്നു മൂടി. ശരീരം കഠിനമായി വരണ്ടു ഇതോടെ ഖോജാബെയും ഗ്രാമത്തിലെ മറ്റും മീൻപിടിത്തക്കാരും തങ്ങളുടെ സ്വപ്ന ഭൂമിയെ പിറകിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. അവരുടെ മുന്നിൽ ഉള്ള ലക്ഷ്യമാവട്ടെ 2000ത്തിലേറെ കിലോമീറ്റുകൾക്കപ്പുറത്തെ കിഴക്കൻ കസാക്കിസ്താൻറെ ബൽഖാഷ് ആയിരുന്നു. ചൈനയുടെ അതിർത്തിയോട് വളരെ അടുത്ത പ്രദേശമായിരുന്നു അത്. എന്നിട്ടും പോവാൻ മനസ്സുവരാതെ പകുതിയോളം വർഷം ആ ഭീതിജനകമായ അന്തരീക്ഷത്തിൽ അവർ പിടിച്ചു നിന്നു.
എന്നും ഉറക്കമുണരുമ്പോൾ കടൽ തിരികെയത്തെിയോ എന്ന് വെറുതേ നോക്കുമായിരുന്നു ഖോജാബെ. ഒരിക്കലും അതു സംഭവിക്കില്‌ളെന്ന് അറിഞ്ഞിട്ടും. പിന്നീടങ്ങോട്ട് ദ്രുതഗതിയിൽ ആയിരുന്നു അന്തരീക്ഷത്തിൻറെ ഭാവമാറ്റം. വിവിധയിനം ധാന്യങ്ങളും ഫലവർഗങ്ങളും വിളയിപ്പിച്ചെടുത്ത ഞങ്ങളുടെ മണ്ണ്. തണ്ണിമത്തൻ ഇഷ്ടം പോലെ വിളയിക്കുകയും ഭക്ഷണമാക്കുകയും ബാക്കിയുള്ളവ മാർക്കറ്റിൽ വിൽക്കുകയും ചെയ്തിരുന്നു ഞങ്ങൾ. ബാർലിയും ചോളവും ഉണ്ടാക്കി. പിന്നീട് എപ്പൊഴോ മഴ നിലച്ചു. പുല്ലുകൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. കടലിനോട് ചേർന്ന ശുദ്ധജലത്തിൻറെ കൈവഴികൾ മെലിഞ്ഞു നേർത്തു. പിന്നീട് അവ അപ്രത്യക്ഷമായി. ഈ മേഖലയിൽ പതിവായിരുന്ന കൃഷ്ണമൃഗങ്ങൾ ഇല്ലാതായി. വേനൽകാലം അസഹനീയമായ ചൂടോടെ പ്രത്യക്ഷപ്പെട്ടു. തണുപ്പാകട്ടെ അതിനേക്കാൾ ഭീകരവും. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് ബോട്ടുകളിൽ യാത്ര ചെയ്തിരുന്നത് ഓർമയായി. ഇപ്പോൾ കാറുകളും ട്രക്കുകളുമാണ് ഈ ‘മണൽ കടലിലൂ’ടെ യാത്ര ചെയ്യുന്നത്…ഓർമയിലലയടിച്ച കടലിൻറെ വരണ്ട മാറിലൂടെ യാത്രികർ കടന്നുപോയി. ആ കടൽ ഇനിയൊരിക്കലും മടങ്ങിവരില്‌ളെന്ന് അവർക്കറിയാമായിരുന്നു. അവസാന നിമിഷം വരെ പിടിച്ചു നിന്ന ഖോജാബെയും കൂട്ടുകാരും മറ്റു തൊഴിലുകൾ അന്വേഷിക്കാൻ നിർബന്ധിതരായി. വടക്കൻ കസാക്കിസ്താനിലെ മറ്റൊരു കേന്ദ്രത്തിലേക്കത്തെുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും ആ യാത്ര കഠിനതരമായതിനാൽ അവർ മടങ്ങി. പിന്നീട് മരുഭൂമിയിൽ തന്നെ ഒട്ടകത്തെ മേയ്ച്ച് ഉപജീവനം തേടി.
കടൽ മറഞ്ഞ വഴി
സുപീരിയർ,വിക്ടോറിയ,കാസ്പിയൻ തടാകങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശുദ്ധജല തടാകം കൂടിയായിരുന്നു ആരാൽ. മധ്യേഷ്യയുടെ ഓമനപുത്രിയായിരുന്നു ഇത്.
മധ്യേഷ്യയിൽ നിന്നുള്ള രണ്ടു വൻ നദികൾ ആണ് ആരാൽ കടലിനെ ജലസമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് പാമീർ മലനിരകളിൽ നിന്ന് ഉൽഭവിച്ച് 1500 മൈലുകൾ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിർ ദാര്യയും. ഈ നദികൾ സോവിയറ്റ് രാജ്യങ്ങളിലെ പരുത്തി കൃഷിയെ ജീവത്താക്കി. ‘വെളുത്ത സ്വർണം’ എന്നറിയപ്പെട്ടിരുന്ന പരുത്തിയുടെ വ്യവസായം ഉയർച്ചയിലത്തെി. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉൽപാദകരാജ്യമായി മാറാൻ സോവിയറ്റ് മൽസരിച്ചു. 1980കളിൽ ഉസ്‌ബെകിസ്താൻ ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും പരുത്തികൃഷിയിൽ മുന്നിൽ എത്തിയിരുന്നു. സ്‌കൂൾ,കോളജ് വിദ്യാർഥികൾ വർഷത്തിൻറെ പാതി കാലയളവിൽ പരുത്തി കൃഷിയിടങ്ങളിൽ ചെലവഴിച്ചു.
സോവിയറ്റിന്റെ വ്യാവസായിക ആർത്തിയായിരുന്നു ആരാൽ കടലിനെ ഞെക്കിക്കൊന്നത്. മറ്റു തരത്തിൽ പറഞ്ഞാൽ പരുത്തികൃഷിക്കുവേണ്ടിയുള്ള സോവിയറ്റ് പദ്ധതിയിൽ ഒരു കടൽ മരിച്ചൊടുങ്ങി. സിർ ദാര്യയിലെയും അമു ദാര്യയെയും വെള്ളം പരുത്തി കൃഷിക്കായി മരുഭൂമിയിലേക്ക് തിരിച്ചു വിടാൻ തുടങ്ങി. അതിനായി 1960ൽ സോവിയറ്റ് സർക്കാർ തീരുമാനമെടുത്തു.1940ൽ കൂറ്റൻ അണക്കെട്ടിന്റെ പണി ആരംഭിച്ചു. അണക്കെട്ട് യാഥാർഥ്യമാവുന്നതിന് മുമ്പ് 1960ൽതന്നെ അരാൽ കടൽ മെലിയാൻ തുടങ്ങിയിരുന്നു. ആദ്യത്തെ പത്തു വർഷം കൊണ്ട് വർഷത്തിൽ 20 സെന്റീമീറ്റർ എന്ന തോതിൽ ചുരുങ്ങി. തൊട്ടടുത്ത ദശകങ്ങളിൽ ഈ ചുരുങ്ങൽ വർഷത്തിൽ മൂന്നും നാലും ഇരട്ടിയായി. 2000 ആയപ്പോഴേക്കും കൃഷിക്കായി നദികളിൽ നിന്ന് വെള്ളമെടുക്കുന്നതിൻറെ അളവ് മടങ്ങുകളായി വർധിച്ചിരുന്നു.
2005ൽ പണി പൂർത്തിയായി വടക്ക് ആരാൽ എന്നും തെക്ക് ആരാൽ എന്നും കുറുകെ മുറിച്ച് ‘കോക്കറാൽ’ അണക്കെട്ട് ഉയർന്നുവന്നു. 13 കിലോമീറ്റർ ആയിരുന്നു ഇതിൻറെ നീളം. രണ്ടു നില കെട്ടിടത്തിൻറെ ഉയരവും. ഇതോടെ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നിടത്തെ ജലത്തിൻറെ ഉയരം മൂന്നു മീറ്ററിലേറെ ഉയർന്നു.
ഈ നദികളിലെ വെള്ളം പിന്നീട് പരുത്തികൃഷിയിടങ്ങൾക്കപ്പുറത്തേക്ക് കുതിച്ചൊഴുകിയില്ല. ആരാൽ കടലിലേക്കുള്ള ഒഴുക്ക് ക്രമേണ കുറഞ്ഞു. ഇതോടെ വിശാലമായ ആരാൽ കടൽ രണ്ടു ഉപ്പ് തടാകങ്ങൾ ആയി മാറി. അതിൻറെ ദക്ഷിണ ഭാഗം ഉസ്‌ബെക്കിസ്താനിലും ഉത്തരഭാഗം കസാക്കിസ്താനിലുമായി. മെലിഞ്ഞുകൊണ്ടിരിക്കുന്ന തടാകത്തിലേക്ക് പിന്നീട് വൻതോതിൽ രാസകീടനാശികൾ കലരാൻ തുടങ്ങി. മൽസ്യസമ്പത്തിനെ പ്രതികൂലമായി ബധിച്ചു. കാർഷിക വ്യവസ്ഥയിൽ രാസഘടകങ്ങൾ ചേക്കേറിയതിൻറെ പ്രത്യാഘാതങ്ങൾ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിൻറെ മുകളിലൂടെ വീശിയ കാറ്റിൽ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും എന്തിന് അമ്മമാരുടെ മുലപ്പാലിൽ പോലും അതു കലർന്നു. ഈ പ്രദേശത്ത് ജീവിച്ചിരുന്നവരിൽ കാൻസർ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടൽ തടത്തിലെ വൈവിധ്യമാർന്ന ജന്തു സസ്യജാലങ്ങൾ അന്ത്യശ്വാസം വലിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പ്, 2014 ഒക്ടോബറിൽ വടക്കൻ ആരാൽ തടാകം പൂർണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന അരാൽ കടൽ അര നൂറ്റാണ്ടു സമയം കൊണ്ട് ഭീതിയുണർത്തുന്ന മരുഭൂമിയായി. കടലിൻറെ അപ്രത്യക്ഷമാവൽ ഒരുവേള സോവിയറ്റിനെ പോലും അമ്പരപ്പിച്ചു. സോവിയറ്റിൻറെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി.
കടലിന് മുകളിലുടെ കാറോടിച്ച് പോവുമ്പോൾ വല്ല ചന്ദ്രനിലൂടെയോ ചൊവ്വയിലൂടെയോ പോവുന്ന പ്രതീതിയാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ‘അരാൽ സീ’ എന്ന പുസ്തകത്തിൻറെ രചയിതാവുമായ താര ഫിറ്റ്‌സറാൾഡ് എഴുതി.
എന്നാൽ, ഒരു കടൽ തങ്ങളെ തേടി എത്തുമെന്ന് ഇന്നും അരാലിലെ കുട്ടികൾ സ്വപ്നം കാണുന്നു. ഒരിക്കൽ അരാൽ മടങ്ങി വരും. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾ ഞങ്ങളുടെ നാട് കാണാൻ എത്തും. ഇവിടെ ധാരാളം ഹോട്ടലുകളും റിസോർട്ടുകളും ഉയരും. എൻറെ എല്ലാ ശ്രമങ്ങളും അതിനുവേണ്ടി വിനിയോഗിക്കുംഭാവിയിൽ എഞ്ചിനീയർ ആവാൻ കൊതിക്കുന്ന15കാരൻ ഹൈദറിൻറെ സ്വപ്നമാണിത്. അസ്താനയെയും അൽമാട്ടിയെയും പോലെ നിറസമൃദ്ധിയുള്ള ആരാൽ നഗരം സ്വപ്നം കാണുന്നവരുടെ കൂട്ടത്തിൽ ഹൈദറിൻറെ കൂട്ടുകാരിയുമുണ്ട്. കസാക്കിസ്താൻറെ തലസ്ഥാനമായി ഒരു നാൾ ആരാൽ മാറുമെന്നുകൂടി അവൾ പറയുന്നു.