
ദുബായ്: 35,000 രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ അടങ്ങുന്ന സംഘം കൊ്ണ്ടു പോകുമ്പോൾ ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, ദുബായിലെ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ പെട്ടതോടെ പെൺകുട്ടിയുടെ ജീവിതത്തിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടായത്. പിന്നെ സാധാരണ ജീവിതത്തിന്റെ ഓളങ്ങളിലേയ്ക്കു അവൾക്കു മടങ്ങിയെത്താനേ സാധിച്ചില്ല.
പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ അടിവസ്ത്രം മാത്രം ധരിക്കാൻ നൽകി മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. സംഘത്തിന്റെ പിടിയിൽ നിന്നു കയ്യിൽകിട്ടിയ ഫോൺ എടുത്ത് പെൺകുട്ടി നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഇവർക്കു രക്ഷപെടാനായത്. ‘യുഎഐയിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസം മോചിപ്പിച്ച മലയാളി യുവതിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവം ആണിത്.
അൽഐനിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നു പാസ്‌പോർട്ട് തിരികെ ലഭിച്ച യുവതി ഇന്നു പുലർച്ചെ നാട്ടിലേക്കു മടങ്ങി. 35,000 രൂപ ശമ്പളത്തിൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാർജയിൽ എത്തിച്ചതെന്നു പെൺകുട്ടി പറഞ്ഞു.
സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവർ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണു ചതി മനസ്സിലായത്. സഹകരിക്കാൻ വിസമ്മതിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ പിടിച്ചുവാങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നൽകിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോൾ രണ്ടു ലക്ഷം രൂപ തന്നാൽ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.
രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരിൽ നിന്ന് തന്നെ ഫോൺ വാങ്ങി നാട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികൾ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. തുടർന്നു പെൺകുട്ടിയെ സാമൂഹിക പ്രവർത്തക ലൈലാ അബൂബക്കറെ ഏൽപിച്ചു.
നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെൺകുട്ടിയുടെ പാസ്‌പോർട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കർ ആവശ്യപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറി. തുടർന്നു നാട്ടിൽ നിന്നു കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവർ വിളിച്ചുപറഞ്ഞതോടെ പാസ്‌പോർട്ട് നൽകാമെന്നു സമ്മതിച്ചു.
അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ എത്തിച്ച പാസ്‌പോർട്ട് ഏറ്റുവാങ്ങിയ ലൈലാ അബൂബക്കർ പെൺകുട്ടിയെ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടൻ പൊലീസിനു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പെൺകുട്ടി. പെൺവാണിഭ കേന്ദ്രത്തിൽ വേറെയും പെൺകുട്ടികളുണ്ടെന്നാണു വിവരം.
ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞാൽ പാസ്‌പോർട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാൽ മൊബൈൽഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാൻ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകൾ കൂട്ടിക്കൊണ്ടുവരികയാണു പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെൺവാണിഭ സംഘത്തിന്റെ രീതി. അൽഐനിലും ഷാർജയിലും അജ്മാനിലും ഇവർക്ക് താവളങ്ങൾ ഉള്ളതായി പെൺകുട്ടി പറഞ്ഞു.