68 മിനിട്ട് ഹൃദയം പ്രവര്‍ത്തന രഹിതമായിട്ടും ഷാനോണ്‍ ജീവിച്ചു; പക്ഷേ ഓര്‍മ്മയിലുള്ളത് 13 വയസ്സുവരെ മാത്രം

മരണമുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് അദ്ഭുതകരമായി തിരിച്ചെത്തുകയായിരുന്നു ഷാനോണ്‍ എവെറെറ്റ്. 68 മിനിട്ട് നേരം ഹൃദയം പ്രവര്‍ത്തന രഹിതമായി, പിന്നീട് രണ്ടാഴ്ചയോളം കോമ അവസ്ഥയില്‍.എന്നിട്ടും അവള്‍ മരണത്തിന് പിടികൊടുത്തിട്ടില്ല. ഡോക്ടര്‍മാര്‍ അവളെ തിരികെ കൊണ്ടുവന്നു. പക്ഷേ ദുര്യോഗത്തിന് അവിടെ അറുതിയായില്ല. തന്റെ 13 വയസ്സുവരെയുള്ള കാര്യങ്ങള്‍ മാത്രമേ അവള്‍ക്ക് ഓര്‍മ്മയുള്ളൂ.തന്റെ ഭര്‍ത്താവിനെയും മക്കളെയും അവള്‍ക്ക് തിരിച്ചറിയാനാകുന്നില്ല. ഷാനോണിന്റെ ജീവിതം തകിടം മറിച്ച സംഭവങ്ങളുണ്ടായത് ഇങ്ങനെയാണ്. തന്റെ രണ്ടാം കുഞ്ഞിന് ജന്‍മം നല്‍കാനായി 22 കാരിയെ കഴിഞ്ഞ സെപ്റ്റംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ലേബര്‍ റൂമില്‍ വെച്ചുണ്ടായ ആമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം എന്ന അവസ്ഥയെ തുടര്‍ന്ന് പ്രസവം സങ്കീര്‍ണ്ണമായി.ഇതേതുടര്‍ന്ന് മസ്തിഷ്‌കാഘാതമുണ്ടായി.ഇതോടെ ശരീരികാവസ്ഥ വഷളാവുകയും 68 മിനിട്ട് നേരം ഷാനോണിന്റെ ഹൃദയം പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു.എന്നാല്‍ തീവ്ര പ്രയത്‌നത്താല്‍ ഡോക്ടര്‍മാര്‍ അവളെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെപ്പിടിച്ചു. പക്ഷേ അവള്‍ കോമയിലായി. ഇതിനിടെ ഡോക്ടര്‍മാര്‍ അവളുടെ ആണ്‍കുഞ്ഞ് നികോയെ യാതൊരു പോറലുമേല്‍ക്കാതെ പുറത്തെടുത്തു.രണ്ടാഴ്ച ഷാനോണ്‍ നിശ്ചലയായി കിടന്നു. എന്നാല്‍ വീണ്ടും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ജീവിതത്തിലേക്ക് തിരികെ വന്നു. sha2 പക്ഷേ അവള്‍ക്ക് തന്റെ ഭര്‍ത്താവിനെയോ മികയെന്ന മൂന്ന് വയസുകാരി മോളെയോ പിറന്നുവീണ നികോയേയോ തിരിച്ചറിയാനായില്ല.അവള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമായിരുന്നു. തനിക്ക് ഇപ്പോള്‍ 13 വയസ്സാണെന്നാണ് ഷാനോണിന്റെ ധാരണ. 6 ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോള്‍ വീട്ടിലാണ് ഷാനോണ്‍.രണ്ട് മക്കളുടെ അമ്മയാണെന്ന് പറഞ്ഞിട്ടും അവള്‍ വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ഷാനോണിന്റെ അമ്മ പറയുന്നു. ബ്രെയിന്‍ ഇഞ്ച്വറിയെ തുടര്‍ന്ന് അവളുടെ കാഴചയ്ക്കും തകരാറുണ്ടായി.ആളുകളെയും വസ്തുക്കളെയും നിഴല്‍ പോലെയേ അവള്‍ക്ക് കാണാനാവുകയുള്ളൂ. കയ്യും കാലുമൊക്കെ ചലിപ്പിക്കാനും എഴുന്നേറ്റിരിക്കാനുമൊക്കെ ഷാനോണ്‍ ശ്രമിക്കാറുണ്ട്.പക്ഷേ മറ്റുകാര്യങ്ങള്‍ക്കെല്ലാം ഒരാളുടെ സഹായം കൂടിയേ മതിയാകൂ.കൂടാതെ ചികിത്സാ ചെലവിന് വന്‍ തുക ആവശ്യമായി വരുന്നതിന്റെ പ്രതിസന്ധിയിലുമാണ് ഈ കുടുംബം.

Top