വാഷിംഗ്ടണ്‍: ഇന്ത്യ കാശ്മീര്‍ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ ശശി തരൂര്‍ ഐക്യരാഷ്ര്ടസഭയുടെ സെക്രട്ടറി ജനറല്‍ ആയേനെ എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക കാശ്മീര്‍ നയതന്ത്രജ്ഞന്‍ മുഷാഹിദ് ഹുസൈന്‍ സെയ്ദ്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യക്ക് കഴിയാത്തത് ഐക്യരാഷ്ര്ടസഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് തടസമായെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നയതന്ത്ര പ്രതിനിധികള്‍.
കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാത്തതാണ് ദക്ഷിണേഷ്യയിലെ സമാധാനത്തിനും സുരക്ഷക്കും പ്രധാന വിലങ്ങുതടിയായി നില്‍ക്കുന്നതെന്നും മുഷാഹിദ് ഹുസൈന്‍ സെയ്ദ് പറഞ്ഞു. മറ്റൊരു കാശ്മീര്‍ നയതന്ത്രജ്ഞനായ ഷസ്ര മന്‍സാബിനോടൊപ്പം കാശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്താരാഷ്ര്ട സമൂഹത്തിന് വിശദീകരിക്കാനായാണ് സെയ്ദ് വാഷിംഗ്ടണില്‍ എത്തിയത്.
പ്രമുഖ അമേരിക്കന്‍ വിദഗ്ധ സംഘമായ അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ സംസാരിക്കവേ കാശ്മീര്‍ പ്രശ്‌നവും അയല്‍ രാജ്യമായ പാകിസ്ഥാനുമായുള്ള പ്രശ്‌നം പരിഹരിക്കാത്തത് ഇന്ത്യയെ ഐക്യരാഷ്ര്ടസഭയുടെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് തടസമാകുമെന്ന് അവര്‍ പറഞ്ഞു. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് തടസമാണെന്നും അത് പരിഹരിച്ചാല്‍ ഇന്ത്യക്ക് ആണവ വിതരണ ഗ്രൂപ്പില്‍ ഇടം ലഭിക്കുമായിരുന്നെന്നും ചോദ്യത്തിന് മറുപടിയായി അവര്‍ കൂട്ടിച്ചേര്‍ത്തു.