‘യങ് അച്ചീവര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ഷഫീന യൂസഫലിക്ക്

എമിറേറ്റ്‌സ് വുമണ്‍ മാസികയുടെ ഈ വര്‍ഷത്തെ ‘യങ് അച്ചീവര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ടേബിള്‍സ് ഫുഡ് കമ്പനി സി.ഇ.ഒ. ഷഫീന യൂസഫലിക്ക്. ദുബായിലെ വെസ്റ്റിന്‍ മിനാ സെയഹിയില്‍ നടന്ന ‘വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നിശയിലെ വര്‍ണാഭമായ ചടങ്ങില്‍ ഷഫീന യൂസഫലി പുരസ്‌കാരം സ്വീകരിച്ചു. വ്യവസായം, കല, സാംസ്‌കാരികം, ജീവകാരുണ്യം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്നതാണ് എമിറേറ്റ്‌സ് വുമണ്‍ അവാര്‍ഡ്. ഭക്ഷ്യവ്യവസായരംഗത്ത് അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച വനിതാ വ്യവസായി എന്ന നിലയ്ക്കാണ് ഷഫീന യൂസഫലിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. പേപ്പര്‍മില്‍, ബ്ലൂംസ് ബറീസ്, ഫേമസ് ഡേവിസ്, ജഞ്ചിസ് ഗ്രില്‍, ഗാലിട്ടൊസ്, ഷുഗര്‍ ഫാക്ടറി തുടങ്ങിയ ഭക്ഷ്യസ്ഥാപനങ്ങള്‍ ഷഫീനയുടെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡി.യുമായ എം.എ. യൂസഫലിയുടെ മകളാണ് ഷഫീന യൂസഫലി. തന്റെ വിജയങ്ങള്‍ക്കെല്ലാം പ്രേരകശക്തി തന്റെ കുടുംബമാണെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഷഫീന യൂസഫലി പറഞ്ഞു. ജീവകാരുണ്യത്തിന് എസ്.ഒ.എസ്. ചില്‍ഡ്രന്‍സ് വില്ലേജ് ഇന്റര്‍നാഷണലിന്റെ എം.ഡി. ജുമാന അബു ഹെന്നൂടും വിഷനറി പുരസ്‌കാരത്തിനു ‘ദി നെയില്‍ സ്​പാ’യുടെ സ്ഥാപകയും സി.ഇ.ഒ.യുമായ ശബാന കരീമും യങ് ടാലന്‍ഡ് അവാര്‍ഡിന് ‘സ്റ്റെപ് അപ്പ്’ എന്ന സോഷ്യല്‍ ക്ലബ്ബിന്റെ സ്ഥാപക സൈമ ഖാനും അര്‍ഹരായി. ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, ഗായിക ലൈല കര്‍ദാന് ലഭിച്ചു.

Top