അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി. എന്നാൽ കുഞ്ഞിന്റെ മൃതദേഹം ആര്‍ക്കാണ് വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ മെഡിക്കല്‍ എക്സാമിനറുടെ ഓഫിസ് തയാറായിട്ടില്ല. ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. പിന്നീട് വീടിനടുത്തെ കലുങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു കുഞ്ഞിനെ വീടിനു പുറത്തിറക്കി നിര്‍ത്തിയെന്നാണ് എറണാകുളം സ്വദേശിയായ വളർത്തച്ഛൻ വെസ്ലി പൊലീസിനു മൊഴി നല്‍കിയിരുന്നത്. 15 മിനിറ്റിനു ശേഷം നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നും പറഞ്ഞു. ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് വെസ്‌ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുക്കുന്നത്. എന്നാല്‍ പിന്നീടാണ് കുട്ടിക്ക് സംസാരത്തിനും കാഴ്ചയ്ക്കും വൈകല്യമുണ്ടെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
യുഎസിൽ മരിച്ച ഷെറിന്‍റെ മൃതദേഹം കൈമാറി; ആർക്കെന്ന് വെളിപ്പെടുത്താതെ അധികൃതർ
Tags: sherin death