വളര്‍ത്തുമകളുടെ കൊലപാതകം: മലയാളിയായ വെസ്ലി മാത്യൂസിന് ജീവപര്യന്തം; പരോള്‍ ലഭിക്കുക 30 വര്‍ഷം കഴിഞ്ഞ്

വാഷിംഗ്ടണ്‍: മൂന്ന് വയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം. കൊലക്കുറ്റമാണ് ഇയാള്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. മുപ്പത് വര്‍ഷത്തിന് ശേഷം മാത്രമേ പരോള്‍ ലഭിക്കുകയുള്ളു. കേസില്‍ വളര്‍ത്തമ്മ സിനിയെ പതിനഞ്ച് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം മോചിപ്പിച്ചിരുന്നു.

എന്നാല്‍, സ്വന്തം പ്രവര്‍ത്തികളില്‍ വിലപിച്ചും മകളുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചും വെസ്‌ലി മാത്യൂസ്. വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിനെ ഒരിക്കല്‍ കൂടി സംരക്ഷിക്കാന്‍ അവസരം ലഭിച്ചാല്‍ കാര്യങ്ങളെ വ്യത്യസ്തമായി കൈകാര്യം ചെയ്യുമെന്ന് വെസ്‌ലി കോടതിയില്‍ പറഞ്ഞു. പാലു കുടിക്കുമ്പോള്‍ ശ്വാസം മുട്ടി കുഞ്ഞ് മരിച്ചതോടെയുണ്ടായ ഭയം കൊണ്ടാണ് പിന്നീടുണ്ടായതെല്ലാം സംഭവിച്ചത്. അടിയന്തര സഹായം തേടുന്നതില്‍ നിന്നു തന്നെ പിന്തിരിപ്പിച്ചത് അകാരണമായ ഭയമായിരുന്നെന്നും വെസ്‌ലി വിചാരണയുടെ രണ്ടാം ദിവസം കോടതിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഡാലസ് കോടതി വെസ്ലിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ. ഗാരേജില്‍ വച്ച് പാലു കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ തന്റെ ശബ്ദം ഉയര്‍ന്നു. ഇതു കേട്ടു ഭയന്ന കുഞ്ഞിനു പെട്ടെന്നു ശ്വാസ തടസമുണ്ടായെന്നും അബോധാവസ്ഥയിലായെന്നും വെസ്‌ലി പറയുന്നു. ഉടനെ സിപിആര്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭയംകൊണ്ട് 911ല്‍ വിളിക്കുന്നതിനും സാധിച്ചില്ല. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനാകാത്ത മാനസികാവസ്ഥയായി. കുഞ്ഞ് ഇത്രപെട്ടെന്ന് തന്നെ വിട്ടുപോയെന്ന് വിശ്വസിക്കാനായില്ല. ശരിക്കും തളര്‍ന്നു പോയി. സാഹചര്യം വ്യക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കാനുള്ള ശ്രമമായി – വെസ്‌ലി കോടതിയില്‍ പറഞ്ഞു.

നഴ്‌സായ ഭാര്യയോടു പോലും കുഞ്ഞിനു സംഭവിച്ച കാര്യം പറയാതിരുന്നത് ഭയം മൂലമാണ്. ശക്തമായി പ്രാര്‍ഥിച്ചാല്‍ കുഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ചു. എന്നാല്‍ അതിനു കഴിയാതെ വന്നപ്പോഴാണ് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചത്. മൃതദേഹം ഒളിപ്പിക്കാനായി കലുങ്കിനു സമീപം എത്തിയപ്പോള്‍ അതിനകത്തേയ്ക്ക് കയറിയാല്‍ വിഷമുള്ള പാമ്പ് തന്നെ കടിക്കണമെന്ന് ഒരുനിമിഷം ആഗ്രഹിച്ചു. അങ്ങനെയെങ്കില്‍ തന്റെ കുഞ്ഞിനൊപ്പം ചേരാമെന്നു പ്രതീക്ഷിച്ചു.

അതേസമയം വെസ്‌ലിയുടെ വാദങ്ങളെ പ്രോസിക്യൂട്ടര്‍മാര്‍ ശക്തമായി എതിര്‍ത്തു. അദ്ദേഹം പറയുന്നത് കള്ളമാണെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചത്. മകളെ കാണാതായി തിരച്ചില്‍ നടക്കുമ്പോഴെല്ലാം വെസ്‌ലി ശാന്തനായിരുന്നു. മാത്യൂസിനെ കണ്ടപ്പോള്‍ മുതല്‍ തനിക്ക് സംശയമുണ്ടായിരുന്നെന്ന് റിച്ചാര്‍ഡ്‌സണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിക്ടര്‍ ഡയസ് കോടതിയില്‍ പറഞ്ഞു. അദ്ദേഹം തിരച്ചിലിന് സഹായിക്കുന്നതിനു പകരം തങ്ങളെ പിന്തുടരുന്നതായാണ് തോന്നിയത്. കുഞ്ഞിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ വെസ്ലി അഞ്ചു മണിക്കൂറെടുത്തു. അതും 911ലേയ്ക്ക് വിളിക്കുന്നതിനു പകരം ഡിപ്പാര്‍ട്‌മെന്റിന്റെ അത്ര അടിയന്തരമല്ലാത്ത ലൈനിലേയ്ക്കാണ് വിളിച്ചത്. ഒരാളെ കാണാതായ കേസില്‍ ഇങ്ങനെ ആരും ചെയ്യാറില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

Top