ടെക്‌സാസ്: അമേരിക്കയില്‍ മലയാളി വെസ്ലി മാത്യൂസ് കൊലപ്പെടുത്തിയ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ ശവക്കല്ലറ സ്ഥിതിചെയ്യുന്ന സ്ഥലം ഒടുവില്‍ പരസ്യപ്പെടുത്തി. നേരത്തെ പെണ്‍കുട്ടിയുടെ ശവസംസ്‌കാരം ഒക്ടോബര്‍ 31ന് രഹസ്യമായി മാധ്യമങ്ങളെ ഒഴിവാക്കിയാണ് നടത്തിയിരുന്നത്. കല്ലറ പണിഞ്ഞശേഷം ഇക്കാര്യം പുറത്തുപറയാനാണ് ആഗ്രഹിച്ചതെന്ന് മൂന്നുവയസുകാരിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നെന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും എന്ന് കല്ലറയ്ക്കു മുകളില്‍ എഴുതിയിട്ടുണ്ടായിരുന്നു. സ്ഥലത്ത് ഒട്ടേറെ പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തി. പെണ്‍കുട്ടിയുടെ ചിരിക്കുന്ന മുഖം കുറ്റവാളികളെ വേട്ടയാടും. അവള്‍ ദൈവ സന്നിധിയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് വെസ്ലി മാത്യൂസും ഭാര്യയും പോലീസ് പിടിയിലായിരുന്നു. അസുഖ ബാധിതയായ മകളെ പിതാവ് കൊലപ്പെടുത്തിയെന്നാണ് കേസ്. മകളെ കാണാനില്ലെന്നായിരുന്നു മാത്യൂസ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, പെണ്‍കുട്ടിയുടെ മൃതദേഹം ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയതോടെ മാത്യൂസിനെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചു. ഇയാള്‍ പിന്നീട് കുറ്റ സമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്.